കണ്ണൂർ: ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി നിർണയം തെളിയുന്നു. മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണാകുറ്റത്തിന് പാർട്ടി അച്ചടക്കനടപടി നേരിട്ട പി.പി. ദിവ്യയ്ക്ക് ഇക്കുറി മത്സരിക്കാൻ അവസരമില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനു പകരമെന്നോണം എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീയെയാണ് സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വം ഉയർത്തിക്കാട്ടുന്നത്. സി.പി.എം ഉരുക്കുകോട്ടയായ പിണറായി ഡിവിഷനിൽ നിന്നാകും അനുശ്രീ ജനവിധി തേടുക. നിലവിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗമാണ് അനുശ്രീ. ജയിച്ചാൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാകും.
നിലവിലുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.കെ. രത്നകുമാരി മത്സരിക്കാൻ താൽപര്യമില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി നിലവിലുള്ള വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ജനവിധി തേടും. ഇരിട്ടി സ്വദേശിയായ ബിനോയ് കുര്യൻ സി.പി.എം ജില്ലാ കമ്മിറ്റി അംഗവും മുൻ ഇരിട്ടി ഏരിയാ സെക്രട്ടറിയുമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ബിനോയ് കുര്യൻ സണ്ണി ജോസഫിനോട് നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ടിരുന്നു.
ജില്ലയിലെ വനിതാസംവരണ വാർഡുകളിൽ കൂടുതൽ പുതുമുഖങ്ങൾ വരും. സ്ഥിരമായി മത്സരിക്കുന്നവരെ പരമാവധി ഒഴിവാക്കി പുതുമുഖങ്ങൾക്ക് കൂടുതൽ അവസരമൊരുക്കുകയാണ് പാർട്ടികൾ. ജയസാധ്യതയാണ് പ്രധാന യോഗ്യത.
വനിതാസംവരണ വാർഡുകളുടെ നറുക്കെടുപ്പ് കഴിഞ്ഞപ്പോൾത്തന്നെ നേതാക്കൾ ജയസാധ്യതയുള്ള പുതുമുഖങ്ങളെ അന്വേഷിച്ചു തുടങ്ങിയിരുന്നു. നേതാക്കൾ കണ്ടെത്തിയ ചിലർ വീട്ടുകാരുടെ സമ്മതമുണ്ടെങ്കിൽ മത്സരിക്കാമെന്ന നിലപാടിലാണ്.
ചില വനിതാസംവരണ വാർഡുകളിൽ മത്സരിക്കാൻ ആളെക്കിട്ടാതെ വിഷമിക്കുമ്പോൾ ചിലയിടങ്ങളിൽ തർക്കവുമുണ്ട്. മൂന്നും നാലും പേർ വരെ സീറ്റിനായി ഒരുങ്ങുന്ന വാർഡുകളുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |