
കണ്ണൂർ: ഒരു മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ ഇന്ന് ജില്ലയിലെ വോട്ടർമാർ വിധിയെഴുതാൻ ബൂത്തുകളിലെത്തും. അതീവ സുരക്ഷാക്രമീകരണങ്ങളോടെയാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രത്യേകിച്ചും 1025 പ്രശ്നബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനങ്ങളും അധിക പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്..റിസർവ് ഉൾപ്പെടെ 11,068 ഉദ്യോഗസ്ഥരെ പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ചു.
പ്രശ്നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് പ്രക്രിയ പൂർണമായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. ജില്ലാ കളക്ടറേറ്റുകളിൽ സജ്ജീകരിച്ചിട്ടുള്ള കൺട്രോൾ റൂമുകളിൽ നിന്നും ലൈവ് വെബ്കാസ്റ്റിങ്ങിലൂടെ ബൂത്തുകളിലെ നടപടികൾ നിരീക്ഷിക്കും. സിറ്റി പൊലീസ് കമ്മീഷണർമാരുടെയും ജില്ലാ പൊലീസ് മേധാവികളുടെയും നേതൃത്വത്തിലാണ് ജില്ലകളിൽ നിരീക്ഷണം നടത്തുന്നത്.
തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്ത് രണ്ട് കൺട്രോൾ റൂമുകളാണ് പ്രവർത്തിക്കുന്നത്. കമ്മീഷനിലെ ഉദ്യോഗസ്ഥർക്ക് പുറമെ പോലീസ്, എക്‌സൈസ്, ബിഎസ്എൻഎൽ, ഐകെഎം, മോട്ടോർവാഹനവകുപ്പ്, കെൽട്രോൺ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമാണ് നിരീക്ഷണം നടത്തുന്നത്.
അതിക്രമങ്ങളിൽ കർശന നടപടി
ബൂത്തുകളിൽ എന്തെങ്കിലും അസാധാരണ നടപടി കണ്ടാൽ ഉടൻ തന്നെ കമ്മീഷൻ ഇടപെട്ട് നടപടി സ്വീകരിക്കും. ബൂത്തിനുള്ളിൽ അതിക്രമിച്ചു കയറുകയോ, കൂട്ടംകൂടി നിന്ന് തിരഞ്ഞെടുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉടൻ പോലീസിന് നിർദേശം നൽകും.
സുരക്ഷയ്ക്ക് 2500 പൊലീസ്
കണ്ണൂർ സിറ്റിക്ക് കീഴിൽ കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ് സബ്ഡിവിഷനുകളിലായി 2,500ൽ അധികം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കണ്ണൂർ റൂറൽ പരിധിയിൽ സ്‌പെഷ്യൽ പോലീസ് ഓഫീസർമാർ ഉൾപ്പെടെ 2,600ൽ അധികം പേരെ വിന്യസിച്ചിട്ടുണ്ട്. 56 ഗ്രൂപ്പ് പെട്രോൾ ടീമുകളും 38 ക്രമസമാധാന പെട്രോൾ ടീമുകളും 19 സ്റ്റേഷൻ സ്‌ട്രൈക്ക് ഫോഴ്സുകളും പ്രവർത്തിക്കും. എല്ലാ ടീമുകളിലും വീഡിയോഗ്രാഫർമാർ ഉണ്ടായിരിക്കും.
സോഷ്യൽ മീഡിയ നിരീക്ഷിക്കും
സാമൂഹിക സൗഹാർദം തകർക്കുന്ന രീതിയിലുള്ള പോസ്റ്റുകളോ കമന്റുകളോ സാമൂഹിക മാധ്യമങ്ങളിൽ വരുന്നുണ്ടെങ്കിൽ അതിനെതിരെ കൃത്യമായ ഇടപെടലുകൾ പോലീസിന്റെ ഭാഗത്തുണ്ടാകും. സോഷ്യൽ മീഡിയ നിരീക്ഷണത്തിനായി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ സബ് ഡിവിഷൻ, സ്റ്റേഷൻ തലങ്ങളിൽ പ്രത്യേക അന്വേഷണ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
പഞ്ചായത്തുകളിൽ മൂന്ന് വോട്ട്, നഗരസഭകളിൽ ഒന്ന്
പഞ്ചായത്തുകളിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലേക്ക് ഓരോ വോട്ട് വീതം ആകെ മൂന്ന് വോട്ടാണുള്ളത്. നഗരസഭകളിലും കോർപറേഷനിലും ഒറ്റ വോട്ടാണ്. അതിനാൽ പഞ്ചായത്തുകളിൽ മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും നഗരസഭകളിൽ സിംഗിൾ പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവുമാണ് ഉപയോഗിക്കുക.
വോട്ടർമാർക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി വ്യത്യസ്ത നിറങ്ങളിലുള്ള ബാലറ്റ് ലേബലുകളാണ് മെഷീനിൽ പതിക്കുന്നത്. ഗ്രാമപഞ്ചായത്തിന് വെള്ളയും ബ്ലോക്ക് പഞ്ചായത്തിന് പിങ്കും ജില്ലാ പഞ്ചായത്തിന് ഇളം നീലയുമാണ് നിറം.
തിരിച്ചറിയൽ രേഖകൾ
വോട്ടർ തിരിച്ചറിയൽ കാർഡ്
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ സ്ലിപ്പ്
പാസ്‌പോർട്ട്
ഡ്രൈവിംഗ് ലൈസൻസ്
പാൻ കാർഡ്
ആധാർ കാർഡ്
ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്
ദേശസാൽകൃത ബാങ്ക് നൽകിയ ഫോട്ടോ പതിച്ച പാസ്ബുക്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |