
കണ്ണൂർ: ജില്ലയിലെ 20 വിതരണകേന്ദ്രങ്ങളിൽ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉൾപ്പെടെയുള്ള പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങിയ ചുമതലാധികാരികൾ അതാത് പോളിംഗ് സ്റ്റേഷനുകളിലെത്തിച്ചതോടെ ബൂത്തുകൾ പൂർണസജ്ജം.ഇന്ന് രാവിലെ എഴുമുതൽ വോട്ടെടുപ്പ് തുടങ്ങും.
ഇന്നലെ രാവിലെ എട്ടുമണി മുതലാണ് തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ആരംഭിച്ചത്. ജില്ലാകളക്ടർ അരുൺ കെ.വിജയൻ, തിരഞ്ഞെടുപ്പ് പൊതുനിരീക്ഷക ആർ.കീർത്തി, അസിസ്റ്റന്റ് കളക്ടർ എഹ്‌തെദ മുഫസ്സിർ എന്നിവർ കേന്ദ്രങ്ങൾ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. തിരഞ്ഞെടുപ്പ് സാമഗ്രികൾ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥരെ റൂട്ട് ഓഫീസർമാരുടെ നേതൃത്വത്തിൽ വാഹനങ്ങളിൽ അതാത് ബൂത്തുകളിലേക്ക് എത്തിച്ചു.
പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 162 ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ പയ്യന്നൂർ കോളേജിലെ 18 കൗണ്ടറുകളിൽ നിന്നാണ് വിതരണം ചെയ്തത്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ബൂത്തുകളിലേക്ക് കൂത്തുപറമ്പ് നിർമലഗിരി കോളേജ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ബൂത്തുകൾക്ക് മട്ടന്നൂർ ഹയർസെക്കൻഡറി സ്‌കൂൾ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ബൂത്തുകൾക്ക് എരിപുരം മാടായി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നാണ് ഉദ്യോഗസ്ഥർ കൊണ്ടുപോയത്.
തലശ്ശേരി ബ്രണ്ണൻ കോളേജ്, പാനൂർ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ സ്‌കൂൾ, എടക്കാട് എളയാവൂർ സി എച്ച്.എം.എച്ച്.എസ്.എസ്, കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിതാ കോളേജ്, തളിപ്പറമ്പ് സർ സയ്യിദ് എച്ച് എസ് എസ്, പേരാവൂർ സെന്റ് ജോസഫ് യു.പി.എസ് തൊണ്ടിയിൽ എന്നിവിടങ്ങിൽ നിന്നും വിവിധ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലെ ബൂത്തുകളിലേക്ക് തിരഞ്ഞെടുപ്പ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി.
മുന്നൊരുക്കം പൂർണമാക്കി നഗരസഭകളും
ആന്തൂർ നഗരസഭയുടെ 24 വാർഡുകളിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ മാങ്ങാട്ടുപറമ്പ് ഗവ. എൻജിനീയറിംഗ് കോളേജിലെ ആറ് കൗണ്ടറുകളിൽ നിന്നാണ് വിതരണം ചെയ്തത്. ഇവിടെ ആകെയുള്ള 29 വാർഡുകളിൽ അഞ്ചിടത്ത് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തലശ്ശേരി മുനിസിപ്പാലിറ്റിയിലെ 53 വാർഡുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ തലശ്ശേരി സാൻ ജോസ് മെട്രോപോളിൻ സ്‌കൂളിൽ നിന്നാണ് വിതരണം ചെയ്തത്. അറുപത്തിനാല് ബൂത്തുകളാണ് തലശ്ശേരിയിലുള്ളത്.
ശ്രീകണ്ഠപുരം നഗരസഭയുടെ 31 വാർഡുകളിലേക്ക് ശ്രീകണ്ഠപുരം ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നും തളിപ്പറമ്പ് നഗരസഭയുടെ 35 വാർഡുകളിലേക്ക് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നിന്നും പയ്യന്നൂർ നഗരസഭയുടെ 46 വാർഡുകളിലേക്ക് പയ്യന്നൂർ എ.കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നും കൂത്തുപറമ്പ് നഗരസഭയുടെ 29 വാർഡുകളിലേക്ക് കൂത്തുപറമ്പ് നിർമലഗിരി റാണി ജയ് ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നും പാനൂർ നഗരസഭയുടെ 41 വാർഡുകളിലേക്ക് പാനൂർ കെ.കെ.വി മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നും ഇരിട്ടി നഗരസഭയുടെ 34 വാർഡുകളിലേക്ക് മഹാത്മാഗാന്ധി കോളേജിൽ നിന്നും തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്തു.
കോർപറേഷനിൽ 155 ബൂത്തുകൾ
കണ്ണൂർ കോർപറേഷനിലെ 56 വാർഡുകളിലെ 155 ബൂത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് സാമഗ്രികൾ കണ്ണൂർ മുനിസിപ്പൽ ഹയർസെക്കൻഡറി സ്‌കൂളിലെ 56 കൗണ്ടറുകളിൽ നിന്നാണ് വിതരണം ചെയ്തത്. ജില്ലാ പട്ടികജാതി വികസന ഓഫീസർ മനോഹരൻ, ജില്ലാ വ്യവസായകേന്ദ്രം മാനേജർ കെ.എസ്.അജിമോൻ എന്നിവരാണ് വരണാധികാരികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |