
കാസർകോട് : നീലേശ്വരം പള്ളിക്കര ഫാർമഗുഡിയിൽ എം.രാമചന്ദ്രന് ഒടുവിൽ കണ്ണൂർ സർവ്വകലാശാല ഡോക്ടറേറ്റ് നൽകി. പക്ഷെ അത് ഏറ്റുവാങ്ങാൻ രാമചന്ദ്രൻ ഇല്ലെന്നതാണ് സങ്കടം. പി.എച്ച്.ഡി ബിരുദം പ്രതീക്ഷിച്ചിരിക്കെയാണ് 2021 ജൂൺ 11ന് ഹൃദയാഘാതത്തെ തുടർന്ന് ഇദ്ദേഹത്തിന്റെ മരണം.
വാട്ടർ അതോറിറ്റി, പി.ഡബ്ല്യു.ഡി.എന്നിവയിലെ സേവനത്തിന് ശേഷം കേരള പൊലീസ് ഹൗസിംഗ് ഫിനാൻഷ്യൽ കോർപ്പറേഷനിൽ ചീഫ് എൻജിനിയറായി വിരമിച്ച രാമചന്ദ്രൻ സർവ്വീസിലിരിക്കേയാണ് സിവിൽ എൻജിനിയറിംഗിൽ ഗവേഷണം പൂർത്തിയാക്കി 2021മാർച്ച് 30ന് സർവകലാശാലയ്ക്ക് പ്രബന്ധം സമർപ്പിച്ചത്.
എന്നാൽ രാമചന്ദ്രന്റെ മരണത്തോടെ പി.എച്ച്.ഡി നൽകാനുള്ള നടപടിക്രമങ്ങൾ നിലച്ചു. പിന്നീട് രാമചന്ദ്രന്റെ ഭാര്യ വി.ജയലക്ഷ്മി ഗവേഷണത്തിന്റെ ഗൈഡായ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ.വി.ഐ.ബീനയുടെ സഹായം തേടി. ബീനയുടെ ശ്രമഫലമായി കണ്ണൂർ സർവ്വകലാശാല നടപടിക്രമം പുനരാരംഭിച്ചു. പരിശോധകരുടെ ശുപാർശയെ അടിസ്ഥാനമാക്കി 2024 ഒക്ടോബർ 14ന് ചേർന്ന ഡീൻസ് കമ്മിറ്റി രാമചന്ദ്രന് പി.എച്ച്.ഡി നൽകാൻ ശുപാർശ നൽകി. ഇതുപ്രകാരം കഴിഞ്ഞ നവംബർ നാലിന് സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനപ്രകാരം എം.രാമചന്ദ്രന് പി.എച്ച്.ഡി അനുവദിച്ചു. കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് വി.ജയലക്ഷ്മിയുടെ തിരുവനന്തപുരത്തെ വിലാസത്തിലാണ് രാമചന്ദ്രനുള്ള പി.എച്ച്.ഡി. ബിരുദ സർട്ടിഫിക്കറ്റ് തപാലിൽ ലഭിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |