
കണ്ണൂർ: അനധികൃതമായി ക്വാറി ഉൽപ്പന്നങ്ങൾ കടത്തുന്നത് കണ്ടെത്താൻ കണ്ണൂർ വിജിലൻസ് യൂണിറ്റ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. കൂത്തുപറമ്പ്, ഇരിട്ടി മേഖലകളിലെ ക്വാറികളിലും പ്രധാന റോഡുകളിലുമായി നടത്തിയ പരിശോധനയിൽ കൈക്കൂലി ഉൾപ്പെടെ നിരവധി ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
ചെറുവാഞ്ചേരി കല്ലുവളപ്പ് മേഖലയിലെ ഒരു ക്വാറിയിൽ നിന്നും നിയമാനുസൃത രേഖകളില്ലാതെയും അമിതഭാരം കയറ്റിയും ക്വാറി ഉൽപ്പന്നങ്ങളുമായി പോകുകയായിരുന്ന മൂന്ന് ടിപ്പർ ലോറികൾ പിടികൂടി. ഇവയിൽ നിന്ന് 1,62,000 രൂപ പിഴ ഈടാക്കി. ഇരിട്ടി മേഖലയിൽ കണ്ടെത്തിയ ക്രമക്കേടുകൾക്ക് കൂടി 80,000 രൂപയും പിഴ ചുമത്തിയിട്ടുണ്ട്.
വിജിലൻസ് യൂണിറ്റ് ഇൻസ്‌പെക്ടർമാരായ സിജു കെ.എൽ.നായർ, പി.സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മോട്ടോർ വാഹന വകുപ്പ്, മൈനിംഗ് ആന്റ് ജിയോളജി, ചരക്ക്‌സേവന നികുതി വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ചാണ് ക്രമക്കേടുകൾ കണ്ടെത്തിയ വാഹനങ്ങൾക്ക് പിഴ ഈടാക്കിയത്.
വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള അനുമതിക്കായി ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും അറിയിച്ചു.
ടിപ്പർ ഒന്നിന് അയ്യായിരം;ടോറസിന് പതിനായിരം
അനധികൃതമായി ക്വാറി വസ്തുക്കൾ കടത്തുന്ന ടിപ്പർ ലോറി അയ്യായിരം രൂപയും ടോറസ് ലോറി 10,000 രൂപയും വീതം ആർ.ടി.ഒ. എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതായാണ് വിജിലൻസിന് ലഭിച്ച വിവരം.ക്വാറി ഓപ്പറേറ്റർമാർ കൈക്കൂലി കൈമാറുന്നതിനായി 'സെറ്റിൽമെന്റ്' സംവിധാനമാണ് ഉപയോഗിച്ചിരുന്നതെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
ഇരിട്ടിയിലെ ഒരു ക്രഷർ മാനേജർ ഗൂഗിൾ പേ വഴി ഒരു ആർ.ടി.ഒ. ഏജന്റിന്റെ നമ്പറിലേക്ക് വിവിധ ഘട്ടങ്ങളിലായി 1,87,000 രൂപ കൈമാറിയതായി വിജിലൻസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ തുക മട്ടന്നൂർ ആർ.ടി.ഒ. എൻഫോഴ്സ്‌മെന്റിലെ ഒരു ഉദ്യോഗസ്ഥന് നൽകാനുള്ളതാണെന്ന വിവരവും വിജിലൻസ് ശേഖരിച്ചു. ഇതേ ഏജന്റിന്റെ നമ്പറിൽ നിന്നും ഇരിട്ടിയിലെ ഒരു ഡ്രൈവിംഗ് സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഒന്നര ലക്ഷം രൂപ അയച്ചതിന്റെ സ്‌ക്രീൻഷോട്ട് വാട്സ് ആപ്പ് വഴി കൈമാറിയതായും കണ്ടെത്തി.
അനധികൃത ക്വാറി ഉത്പന്നങ്ങളുമായി ഒരു ദിവസം ഓടാൻ അനുവദിക്കാമെന്ന് ആർ.ടി.ഒ എൻഫോഴ്സ്‌മെന്റിലെ ഒരു ഉദ്യോഗസ്ഥന്റെ പേര് സൂചിപ്പിച്ച് അറിയിപ്പ് നൽകിയ വാട്സ് ആപ്പ് ശബ്ദസന്ദേശവും വിജിലൻസ് പരിശോധനയിൽ ലഭിച്ചു. ഈ ആറു ടിപ്പർ ലോറികളുടെ രജിസ്‌ട്രേഷൻ നമ്പറുകൾ ഡ്രൈവിംഗ് സ്‌കൂളിന്റെ ഫോൺ നമ്പറിലേക്കാണ് അയച്ചത്.
അഴിമതി അറിയിക്കാം
വിജിലൻസ് ടോൾ ഫ്രീ നമ്പർ 1064
ഫോൺ നമ്പർ 8592900900
വാട്സ് ആപ്പ് നമ്പർ 9447789100
കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി 9447582440
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |