
കണ്ണൂർ: കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച കോർപറേഷൻ എടക്കാട് സോണൽ ഓഫീസിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ.ചില കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളി ഉൾപ്പെടെയാണ് കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ പരിശോധനയിലും കരാറുകാരിൽ നിന്നും ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു.
പരിശോധനയിൽ പദ്ധതി നിർവ്വഹണ പ്രവർത്തനങ്ങളിലെ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. 2025 ജനുവരി മുതൽ ജൂലായ് വരെ അസി.എൻജിനീയറുടെ അധികചുമതല ഓവർസിയർ വഹിച്ച സമയത്താണ് ക്രമക്കേട് കണ്ടെത്തിയത്. കൃത്രിമമായി ടെൻഡർ ചെയ്തതായി കാണിച്ച് പ്രവൃത്തിയ്ക്കായി കരാറിലേർപ്പെട്ട് വിവിധ പ്രവൃത്തികൾ ആരംഭിച്ചതടക്കമുള്ള ക്രമക്കേടുകൾ ഇതിൽ പെടും.
കഴിഞ്ഞ ഒക്ടോബറിൽ ഇതേ ഓഫിസിൽ പരിശോധന നടത്തിയ വിജിലൻസ്ആരോപണ വിധേയയായ ഉദ്യോഗസ്ഥ നിരവധി കരാറുകാരിൽ നിന്നും ഗൂഗിൾ പേ വഴി പലതവണ പണം കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു.
അതിൽ കേസ് രജിസ്റ്റർ ചെയ്യാൻ അനുമതിക്കായി സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്ന സമയത്താണ് വീണ്ടും ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് വിജിലൻസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ പതിനൊന്നരക്ക് തുടങ്ങിയ പരിശോധന വൈകീട്ട് നാലിനാണ് അവസാനിച്ചത്.എസ്.ഐ പി.പി. നിജേഷ് , എ.എസ്.ഐ ജയശ്രീ,സീനിയർ സി.പി.ഒ ഹൈറേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
ടെൻഡറിലാണ് കളി
ചില പ്രവൃത്തികളിൽ ടെൻഡറുകൾ തുറക്കുന്ന തീയതികൾ പ്രഖ്യാപിച്ച് പ്രസ്തുത ദിവസം ഒന്നും ലഭിച്ചില്ലെന്ന് കാണിച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടർന്നുള്ള ദിവസങ്ങളിൽ ഒരാൾ മാത്രം ടെൻഡർ നൽകിയതായി കാണിച്ച് എസ്റ്റിമേറ്റ് നിരക്കിനേക്കാൾ കൂടിയ തുക അംഗീകരിച്ചതായും പരിശോധനയിൽ കണ്ടെത്തി.ഇതുവഴി കോർപറേഷൻ വൻ സാമ്പത്തിക നഷ്ടം ഉണ്ടായതായി വിജിലൻസ് വിലയിരുത്തി. ടെൻഡർ വിളിച്ചതായി കോർപ്പറേഷൻ ഭരണാധികാരികളെയും മേലുദ്യോഗസ്ഥരേയും തെറ്റിദ്ധരിപ്പിച്ചാണ് ഈ ക്രമകേടുകൾ നടത്തിയിരിക്കുന്നത്.
മൂന്നോ നാലോ കരാറുകാർ മാത്രമാണ് ഇപ്രകാരമുള്ള പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നത്.
കോർപ്പറേഷനിൽ ഉദ്യോഗസ്ഥർ അവരുടെ താത്പ്പര്യത്തിന് അനുസരിച്ച് പ്രവൃത്തികൾ നടത്താൻ അനുവദിക്കില്ല.ആരാണ് ഇതിന് പിറകിലെന്ന് കൃത്യമായി അന്വേഷിക്കും.കൗൺസിൽ അനുമതിയില്ലാതെ രാഷ്ട്രീയ താത്പ്പര്യം ഉപയോഗിച്ച് പ്രവൃത്തികൾ നടത്തുന്നത് തടയും.
റിജിൽ മാക്കുറ്റി,കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിഗ് കമ്മറ്റി ചെയർമാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |