
തൃക്കരിപ്പൂർ: പയ്യന്നൂർ - തൃക്കരിപ്പൂർ ബൈപാസ് റോഡിൽ തലിച്ചാലം പാലത്തിന് സമീപത്ത് ഒരു പെട്ടിക്കടയുണ്ട്. ഉപ്പിലിട്ട വിഭവങ്ങളും മോരുവെള്ളവും മിഠായിയും ചുരുക്കം സ്റ്റേഷനറി വിഭവങ്ങളുമൊക്കെ നിരത്തിവച്ച ഈ കടയിൽ എത്തുന്നവർക്ക് ആവശ്യമുള്ളത് എടുക്കാം. രേഖപ്പെടുത്തിയ വില തൊട്ടടുത്തുവച്ച പെട്ടിയിൽ ഇടാം. ഏറെക്കാലം പ്രവാസിയായിരുന്ന തലിച്ചാലം സ്വദേശി തലിച്ചാലം മുണ്ടക്കുണ്ടിൽ സുലൈമാന് അത്രയ്ക്ക് വിശ്വാസമാണ് തന്റെ നാടിനെയും നാട്ടുകാരെയും.
കടയിൽ സാധനങ്ങൾ എടുത്തുകൊടുക്കാൻ ആരെയും നിർത്തിയിട്ടില്ല. പണം കൈയിലില്ലാത്തവർക്ക് ഗൂഗിൾ പേ വഴി അയക്കാനുള്ള ക്യു ആർ കോഡുമുണ്ട്. ആളുകളെ നിരീക്ഷിക്കാൻ ക്യാമറയൊന്നും ഇവിടെയില്ല. രാവിലെ കടയിലെത്തി സാധനങ്ങൾ കുറഞ്ഞ ഭരണി നിറച്ച ശേഷം സുലൈമാൻ വീട്ടിലേക്ക് തിരിച്ചുപോകും. ആളുകൾ ആവശ്യമുള്ളത് എടുത്ത് കഴിക്കും. ആരും പണം ഇടാതെ തന്നെ കബളിപ്പിക്കുന്നില്ലെന്നാണ് സുലൈമാന്റെ വിശ്വാസം.
മാങ്ങ, ക്യാരറ്റ്, നാരങ്ങ, നെല്ലിക്ക, ചോളം എന്നിങ്ങനെ ഉപ്പിലിട്ട വിഭവങ്ങൾ പലതാണിവിടെ. നാട്ടുകാരിൽ നിന്ന് നല്ല പിന്തുണ ലഭിക്കുന്നതായി സുലൈമാൻ പറയുന്നു.ദിവസേന പത്തു കിലോയോളം മാങ്ങ വിറ്രുപോകുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
ദീർഘകാലം കുവൈത്തിലും ദുബായിലുമായി ജോലി ചെയ്ത അനുഭവമുണ്ട് സുലൈമാന്. ദീർഘകാലമായി മനസ്സിൽ സൂക്ഷിച്ച ആശയമാണ് വിജയകരമായി നടപ്പാക്കിയതെന്ന് ഇദ്ദേഹം പറയുന്നു. ദിവസവും അഞ്ഞൂറിനും ആയിരത്തിനും ഇടയിൽ കടയിൽ നിന്നും ലഭിക്കുന്നുവെന്ന് ഇദ്ദേഹം പറയുന്നു. ലാഭനഷ്ടങ്ങളെ കുറിച്ച് വലിയ കണക്കുകൂട്ടലൊന്നും നടത്താറില്ലെന്ന് വെളിപ്പെടുത്തുന്ന ഇദ്ദേഹം കട നടത്തിപ്പിലൂടെ വലിയ ആത്മസംതൃപ്തിയുണ്ടെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |