
നാട്ടുകാർ കെ.വി.സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ കളക്ടറുമായി ചർച്ച നടത്തി
കണ്ണൂർ :കിണറുകളിൽ പെട്രോൾ കലരുന്ന വിഷയത്തിൽ കെ.വി.സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ജില്ലാകളക്ടറുമായി സമീപവാസികൾ ചർച്ച നടത്തി പള്ളിക്കുന്ന് പ്രദേശവാസികൾ. ജയ്ജവാൻ റോഡിൽ താമസിക്കുന്ന 200 ഓളം കുടുംബങ്ങളെ രൂക്ഷമായി വിഷയം ബാധിച്ചതിനെ തുടർന്നാണ് ജില്ലാഭരണകൂടത്തിന്റെ അടിയന്തിര ഇടപെടൽ തേടിയിരിക്കുന്നത്.
സെൻട്രൽ ജയിലിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട പെട്രോൾ പമ്പിൽ നിന്നാണ് സമീപത്തെ വീടുകളിലെ കിണറുകളിൽ പെട്രോൾ കലരുന്നത്. കഴിഞ്ഞ മാസം നടന്ന പരിശോധനയിൽ കിണറുകളിൽ പെട്രോളിന്റെ അംശമുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ജയിൽ അധികൃതരും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അധികൃതരും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷവും കൂടുതൽ വീടുകളിലെ കിണറുകളിലേക്ക് ഡീസലിന്റെ അംശം വ്യാപിക്കുന്ന സാഹചര്യത്തിലാണ് എ.എൽ.എയുടെ നേതൃത്വത്തിൽ സമീപവാസികളും റസിഡന്റ് അസോസിയേഷൻ ഭാരവാഹികളും വാർഡ് കൗൺസിലറും കളക്ടറെ കണ്ട് ചർച്ച നടത്തിയത്.
ടാങ്കിന് ചോർച്ചയില്ലെന്നാണ് ഐ.ഒ.സിയുടെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ഇവിടങ്ങളിലെ കിണർ വെള്ളം പൂർണമായി ഉപയോഗശൂന്യമായ നിലയിലാണ്. പൊല്യൂഷൻ ബോർഡിന്റെ പരിശോധനയിൽ വെള്ളം സമ്പൂർണമായി മലിനികരിക്കപ്പെട്ടുവെന്നും വലിയ തോതിൽ പെട്രോളിന്റെ അംശമുണ്ടെന്നും സ്ഥിരീകരിച്ചതാണ്ഇക്കാര്യം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് കെ.വി.സുമേഷ് എ.എൽ.എ പറഞ്ഞു.
പരിഹാരം തേടി ഉടൻ യോഗം ചേരും
സംഭവത്തിൽ ഐ.ഒ.സിയും ജയിൽ അധികൃതരും സംഭവം വിശദമായി അന്വേഷിച്ച ശേഷം ഈ ആഴ്ച്ച അവസാനത്തോടു കൂടി റെഡിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുടെയും ജയിൽ ,ഐ.ഒ.സി അധികൃതരുടെയും സംയുക്തയോഗം വിളിച്ച് ചേർക്കാമെന്ന് കളക്ടർ അറിയിച്ചതായി എം.എൽ.എ പറഞ്ഞു.ഇതുസംബന്ധിച്ച് മറ്റ് പരിശോധനകൾ നടത്താമെന്നും കളക്ടർ ഉറപ്പു നൽകിയിട്ടുണ്ടെന്ന് എ.എൽ.എ പറഞ്ഞു.
ചോർച്ച തുടങ്ങിയത് ഡിസംബറിൽ
പള്ളിക്കുന്ന് ചാത്തോത്ത് ഹൗസിൽ റിട്ട.പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനീയർ സുരേന്ദ്രന്റെ വീട്ടുകിണറിലാണ് ആദ്യം പെട്രോളിന്റെ മണം അനുഭവപ്പെട്ടത് . കിണറിൽ തീപ്പെട്ടികമ്പ് കത്തിച്ചിട്ടപ്പോൾ വെള്ളത്തിന് മുകളിൽ തീ പടരുകയും ചെയ്തിരുന്നു.കിണറിലെ വെള്ളത്തിനു മുകളിൽ ഓയിൽ തെളിഞ്ഞു നിൽക്കുന്നതും വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടു. സെൻട്രൽ ജയിലിന്റെ പെട്രോൾ പമ്പ് വീട്ടിൽനിന്ന് 300 മീറ്റർ മാത്രം അകലെയാണ് ഈ കിണർ. സംഭവം ശ്രദ്ധയിൽപെട്ടതോടെ വീട്ടുകാരും റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളും ജയിൽ സൂപ്രണ്ടിന് പരാതി നൽകി.ജയിൽ സൂപ്രണ്ടിന്റെ നിർദേശ പ്രകാരം ഇന്ത്യൻ ഓയിൽ കോർപറേഷൻ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.പരിശോധനയിൽ പെട്രോൾ ടാങ്കിലെ നോസിലിൽ ചോർച്ച കണ്ടെത്തി പരിഹരിച്ചു.എന്നാൽ ടാങ്കിന് ചോർച്ചയില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
കുടിവെള്ളത്തിന് നെട്ടോട്ടം
പെട്രോളിന്റെ സാന്നിദ്ധ്യം കൂടുതൽ കിണറുകളിലേക്ക് വ്യാപിച്ചതോടെ പ്രദേശവാസികൾ കുടിവെള്ളത്തിന് പോലും ബുദ്ധിമുട്ടുകയാണ്. വെള്ളം എത്തിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായിട്ടില്ല. വാട്ടർ അതോറിറ്റിയുടെ വെള്ളം ദിവസവും ലഭിക്കാത്തതും പ്രതിസന്ധി ഗുരുതരമാക്കിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കുന്നത് വരെ വീടുകളിൽ ദിവസവും മിനറൽ വാട്ടർ എത്തിക്കണമെന്നും കിണറുകൾ ശുചീകരിക്കണമെന്നും നാട്ടുകാർ ഐ.ഒ.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |