
കാസർകോട് :കാസർകോട് ജില്ലാ പഞ്ചായത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായി. ഒരു സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം യു ഡി എഫിന് ലഭിച്ചു. ഇടതുമുന്നണിയിൽ നേരത്തേയുണ്ടാക്കിയ ധാരണ പ്രകാരം ആർ.ജെ.ഡിക്കും കേരള കോൺഗ്രസ് മാണിക്കും ഓരോ ചെയർമാൻ സ്ഥാനങ്ങൾ വീതം നൽകി. ഒരു സ്ഥാനം സി.പി.എം എടുത്തു. മൂന്ന് വർഷം കഴിഞ്ഞാൽ അദ്ധ്യക്ഷ സ്ഥാനങ്ങളിൽ മാറ്റമുണ്ടാകും. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി കെ.കൃഷ്ണൻ ഒക്ലാവിനെയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി ആർ.ജെ.ഡിയുടെ എം.മനുവിനെയും ക്ഷേമകാരി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി കേരള കോൺഗ്രസ് എമ്മിലെ റീന തോമസിനെയും തിരഞ്ഞെടുത്തു. മുസ്ലിംലീഗിലെ ഇർഫാന ഇഖ്ബാലാണ് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ.
ചെർക്കള -കാലിക്കടവ് റീച്ച് പൂർത്തികരിക്കണം
നാഷണൽ ഹൈവെ ചെർക്കള കാലിക്കടവ് റീച്ചിന്റെ പ്രവൃത്തി പൂർത്തീകരിക്കാനും സർവ്വീസ് റോഡിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്തിന്റെ ആദ്യയോഗം ആവശ്യപ്പെട്ടു. മടിക്കൈ ഡിവിഷൻ അംഗം കെ സബീഷാണ് ആദ്യ പ്രമേയം അവതരിപ്പിച്ചത്. നാഷണൽ ഹൈവെ രണ്ടാം റീച്ച് പ്രവൃത്തി ത്തി മന്ദഗതിയിലായതിനാൽ വാഹന യാത്രക്കാരും വഴിയാത്രക്കാരും വലിയ പ്രയാസം നേരിടുന്നതായി യോഗം വിലയിരുത്തി. അറുപത് കിലോമീറ്ററിനുള്ളിൽ ടോൾ ബൂത്ത് സ്ഥാപിക്കാൻ പാടില്ല എന്ന നിർദേശം നിലനിൽക്കെ കുമ്പള ടോൾ ബൂത്ത് സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുള്ള ആശങ്ക പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കുമ്പള ഡിവിഷൻ മെമ്പർ അസീസ് കളത്തൂരാണ് രണ്ടാമത്തെ പ്രമേയം അവതരിപ്പിച്ചത്.കുമ്പള ടോൾ ബൂത്തുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന സർക്കാറിന്റെയും സഹായത്തോടെ നാഷണൽ ഹൈവെ അതോറിറ്റിയോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് സാബു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.സോയ, ഇർഫാന ഇഖ്ബാൽ, കെ കൃഷ്ണൻ ഒക്ലാവ്, എം മനു, റീന തോമസ് ,ജെ. എസ്. സോമശേഖര, ഡോ.പി.സെറീന സലാം, കെ.സബീഷ്, ടി.വി.രാധിക, ബി.ഭാസ്കര മണിയാണി, എ.ഹർഷാദ് വോർക്കാടി, ഒ.വത്സല, രാമപ്പ മഞ്ചേശ്വര, ബിൻസി ജെയിൻ, എസ്. സുകുമാരി ശ്രീധരൻ, ജസ്ന മനാഫ്, അസീസ് കളത്തൂർ എന്നിവരും പങ്കെടുത്തു.വിവിധ വികസന പദ്ധതികളെക്കുറിച്ചും കുമ്പള അരിക്കാടി ടോൾ പ്ലാസ പ്രശ്നത്തെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |