
കണ്ണൂർ: കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയുടെ പല ഭാഗങ്ങളിലുണ്ടായ കനത്ത മഴ കാർഷികമേഖലയ്ക്ക് അടുത്ത ആഘാതമായി. കാപ്പിയും കുരുമുളകും ഉൾപ്പെടെയുള്ള കാർഷിക വിളകൾ ഇതുമൂലം നേരിട്ട് നശിച്ചു . ഇരു വിളകളും പറിച്ചെടുത്ത് ഉണക്കേണ്ട സമയത്താണ് മഴയെത്തിയത്. പലയിടത്തും വലിയ കളങ്ങളിൽ ഉണക്കാനിട്ട കാപ്പികുരുവും കുരുമുളകും മഴയിൽ ഒഴുകിപ്പോയി.
ഒപ്പം ഉണങ്ങാനിട്ട അടയ്ക്ക, മഞ്ഞൾ, വാട്ടുകപ്പ തുടങ്ങിയ വിളകൾ മഴയിൽ കുതിർന്നു നശിച്ചു. മഴ നനഞ്ഞതിനാൽ ഇനി ഇവ സൂക്ഷിച്ചു വയ്ക്കാനാവില്ല. മഴക്കാലം മാസങ്ങളോളം നീണ്ടതിനാൽ ഈ വർഷം പൊതുവേ അടയ്ക്ക ഉത്പാദനം കുറവാണ്. വിപണിയിൽ നല്ല വിലയുള്ളതിന്റെ പ്രയോജനവും മഴ ഇല്ലാതാക്കി. ഉണക്കുന്നതിനിടയിൽ അപ്രതീക്ഷതമായെത്തിയ മഴ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിച്ചു. കെട്ടിടങ്ങളുടെ മുകളിലും പറമ്പുകളിലും ഉണങ്ങാനിട്ട അടയ്ക്ക
അപ്രതീക്ഷിതമായെത്തിയ മഴയിൽ നനഞ്ഞുകുതിരുകയായിരുന്നു.
മലയോരത്ത് കാപ്പിക്കൃഷിയെയും കാലം തെറ്റിയ മഴ സാരമായി ബാധിച്ചു.ബാങ്കുകളിൽ നിന്നും മറ്റും കടമെടുത്താണ് പല കർഷകരും കൃഷി നടത്തുന്നത്.പറിച്ചെടുത്ത കാപ്പിക്ക് രണ്ടാഴ്ചത്തെ ഉണക്കമെങ്കിലും ലഭിക്കണം. ചിക്മഗളൂരു, കൊച്ചി, ഹാസ്സൻ എന്നിവിടങ്ങളിലേക്കാണ് കാപ്പിക്കുരു കയറ്റിയയക്കുന്നത്. മാർക്കറ്റിൽ 240 വരെയാണ് വില. ഈർപ്പം തട്ടിയതിനാൽ കുരുവിന്റെ ഗുണനിലവാരം കണ്ടുതന്നെ അറിയണം.
കശുമാവിനും മാവിനും തിരിച്ചടി
കശുമാവും മാവും പൂക്കുന്ന സമയമാണിത്. ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നതിന് പുറമെ മുഴുവനും പൂക്കുന്നതിനും മഴ തടസമാകുമെന്നാണ് കർഷകരുടെ ആവലാതി.ഡിസംബർ, ജനുവരി മാസങ്ങളിലാണ് സാധാരണ കശുമാവുകൾ പൂക്കുന്നത്.കഴിഞ്ഞ ദിവസങ്ങളായി പെയ്ത മഴ കശുമാവിന് വേണ്ടുന്ന കാലാവസ്ഥയെ മാറ്റിമറിച്ചതിനാൽ പൂക്കൾ നശിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് ഇവർ പറയുന്നത്.കഴിഞ്ഞ വർഷവും മഴ കശുമാവ് കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കിയിരുന്നു.
കാലം തെറ്റിയ മഴയിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |