
കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ നിൽക്കെ സിറ്റിംഗ് എം.എൽ.എക്കെതിരെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം വീണ്ടും ഉയർന്നതിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ പുറത്തുകടക്കാൻ സി.പി.എം തലപുകയ്ക്കുന്നു. ആരോപണം ഉന്നയിച്ച പാർട്ടി ജില്ലാകമ്മിറ്റിയംഗം വി.കുഞ്ഞിക്കൃഷ്ണനെതിരെ കടുത്ത നടപടിയിൽ മാത്രം നടപടി ഒതുങ്ങുകയില്ലെന്നാണ് സൂചന. നിർണായകമായ ഘട്ടത്തിൽ പാർട്ടിയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിൽ കൂടുതൽ നേതാക്കൾക്ക് പങ്കുണ്ടോയെന്ന അന്വേഷണവും നടക്കുന്നുണ്ട്.
ഇന്ന് ഉച്ചയ്ക്കുശേഷം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റും നാളെ രാവിലെ ജില്ലാ കമ്മിറ്റിയും യോഗം ചേർന്ന് കുഞ്ഞിക്കൃഷ്ണനെതിരെയുള്ള നടപടി പ്രഖ്യാപിക്കുമെന്നാണ് സൂചന.ഫണ്ടിൽ തട്ടിപ്പ് നടന്നിട്ടില്ലെന്നും കണക്ക് അവതരിപ്പിക്കുന്നതിൽ വൈകി എന്ന വീഴ്ച മാത്രമാണുണ്ടായതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ വ്യക്തമാക്കിയതോടെ കുഞ്ഞികൃഷ്ണന്റെ ആക്ഷേപങ്ങൾ പാർട്ടി പൂർണമായും തള്ളിക്കഴിഞ്ഞു.
രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പ് നടന്നുവെന്ന ആരോപണം പാർട്ടിക്ക് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പാർട്ടി പുറത്താക്കിയാൽ കുഞ്ഞികൃഷ്ണന്റെ തീരുമാനം എന്തായിരിക്കുമെന്നത് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നുണ്ട്. നടപടി വൈകുന്നത് പാർട്ടിക്ക് കൂടുതൽ ക്ഷതമുണ്ടാക്കുമെന്നതിനാൽ അതിവേഗം നടപടിയിലേക്ക് നീങ്ങണമെന്ന അഭിപ്രായമാണ് നേതൃത്വത്തിലുള്ളത്.
ഗുരുതര അച്ചടക്ക ലംഘനം
പാർട്ടി നേതൃത്വം ചർച്ച ചെയ്ത് വിശദീകരിച്ച വിഷയത്തിൽ വീണ്ടും വിവാദമുണ്ടാക്കിയ കുഞ്ഞിക്കൃഷ്ണന്റെ നടപടി ഗുരുതരമായ അച്ചടക്ക ലംഘനമായാണ് സി.പി.എം കാണുന്നത്. കുഞ്ഞികൃഷ്ണനുമായി കൂടുതൽ ചർച്ച ആവശ്യമില്ലെന്നാണ് പാർട്ടി തീരുമാനം. പാർട്ടിയിൽ നിന്ന് പുറത്താക്കൽ ഉൾപ്പെടെയുള്ള കർശന നടപടികളാണ് നേതൃത്വം പരിഗണിക്കുന്നത്.
കുഞ്ഞിക്കൃഷ്ണനിൽ ഒതുങ്ങില്ല
ടി.ഐ മധുസൂദനൻ വീണ്ടും മത്സരിക്കാതിരിക്കാനുള്ള അറ്റകൈ പ്രയോഗമാണ് കുഞ്ഞിക്കൃഷ്ണന്റെ വെളിപ്പെടുത്തലെന്ന നിഗമനത്തിലാണ് പാർട്ടി. പയ്യന്നൂരിലെ സി.പി.എമ്മിൽ വിഭാഗീയ പ്രശ്നങ്ങൾ പലകുറി തലപൊക്കിയിരുന്നു. ഏറ്റവുമൊടുവിൽ കാര വാർഡിൽ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി വൈശാഖ് വിമതനായി മത്സരിച്ച് ജയിച്ച വിഷയവും വിഭാഗീയതയിലേക്കാണ് വിരൽചൂണ്ടിയിരുന്നത്. ഈ വിഷയം പരിഹരിക്കാൻ ജില്ലാനേതൃത്വം നേരിട്ടെത്തി ചർച്ചകൾ നടത്തിയതുമാണ്.
ഈ ഘട്ടത്തിൽ കെട്ടടങ്ങിയ വിഷയം മാദ്ധ്യമങ്ങളിലൂടെ ഉയർത്താനുള്ള കാരണവും അതിന് പിന്നിൽ ആരൊക്കെ പ്രവർത്തിച്ചുവെന്നും പാർട്ടി പരിശോധിക്കുന്നുണ്ട്. ചില പേരുകൾ പാർട്ടിയുടെ മുന്നിലുണ്ടെന്നാണ് സൂചന. പയ്യന്നൂരിലെ ചില പ്രധാന നേതാക്കൾ അടക്കം സംശയമുനയിലാണെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |