
കണ്ണൂർ: സ്വാശ്രയ കോളജുകൾക്ക് അഫിലിയേഷൻ നൽകാത്ത കണ്ണൂർ സർവകലാശാല അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷൻ കോളജുകൾ അടച്ചുപൂട്ടി പ്രതിഷേധത്തിലേക്ക്. ജില്ലയിലെ 108 കോളജുകളിൽ 86 കോളജുകളും സ്വാശ്രയ കോളജുകളാണ്. എന്നാൽ ഇവയക്ക് 2025-26 വർഷം കണ്ണൂർ സർവകലാശാല അഫിലിയേഷൻ നൽകിയിട്ടില്ല.
ഇതുമൂലം വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ഫീസിളവ് പോലുള്ള ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണെന്ന് അസോസിയേഷൻ ആരോപിച്ചു.കണ്ണൂർ സർവകലാശാല നാക് ബി ഗ്രേഡ് ആണെന്നിരിക്കെ സ്വാശ്രയ കോളജുകളിൽ പലതും നാക് എ ഗ്രേഡ് ലഭിച്ച കോളേജുകളാണ്. ഇവയ്ക്കൊന്നും അഫിലിയേഷൻ നൽകാൻ സർവകലാശാല തയാറായിട്ടില്ലെന്ന് അസോസിയേഷൻ ആരോപിക്കുന്നു. മുഴുവൻ അദ്ധ്യാപകർക്കും നെറ്റ് യോഗ്യതയുണ്ടെങ്കിൽ മാത്രമേ അഫിലിയേഷൻ നൽകാൻ പാടുള്ളുവെന്ന യു.ജി.സി നിഷ്‌ക്കർഷയാണ് അഫിലിയേഷൻ നൽകാതിരിക്കാൻ കാരണമായി പറയുന്നത്. എന്നാൽ ഈ ഉത്തരവിന്മേൽ സ്വാശ്രയ കോളജ് മാനേജ്മെന്റ് ഭാരവാഹികൾ സർക്കാരുമായി ചർച്ച നടത്തി 2018ന് മുമ്പ് കോളജിൽ നിയമിക്കപ്പെട്ട അദ്ധ്യാപകർക്ക് നെറ്റ് യോഗ്യത ഇല്ലെങ്കിലും നിലനിർത്താമെന്ന് ധാരണയിലെത്തിയതാണ്. 2018ന് ശേഷമുള്ളവർക്ക് മാത്രമാണ് ഈ നിബന്ധനയുള്ളത്.
സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും ഇത് അംഗീകരിച്ചപ്പോൾ കണ്ണൂർ സർവകലാശാല മാത്രം മറ്റൊരു നിലപാടെടുക്കുകയാണെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.മുപ്പതു വർഷമായി അദ്ധ്യാപക മേഖലയിൽ ജോലിചെയ്യുന്നവർക്ക് ഇനി നെറ്റ് എഴുതാൻ സാധിക്കാത്ത സാഹചര്യമുണ്ട്. വർഷങ്ങളായി ജോലി ചെയ്യുന്നവരെ പിരിച്ചുവിടാൻ സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട് ഗവർണർ, വിദ്യാഭ്യാസമന്ത്രി, മുഖ്യമന്ത്രി എന്നിവർക്കെല്ലാംപരാതി നൽകിയിട്ടുണ്ടെന്നും അസോസിയേഷൻ നേതാക്കളായ എം.പി.എ റഹീം, സി. അനിൽ കുമാർ, മഹേഷ് ചന്ദ്ര ബാലിഗ, കെ.എം ജനാർദ്ദനൻ എന്നിവർ പറഞ്ഞു.
സ്ഥിരമായി ഒരു വി.സിയെ നിയമിക്കാത്തത് ഗുരുതര വീഴ്ച
കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ മാത്രമാണ് ഇത്തരത്തിൽ അഫിലിയേഷൻ നൽകാൻ സാധിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നത്. നിലവിലുള്ള വി.സി മിക്ക ദിവസങ്ങളിലും അവധിയിലാണ്. സർകലാശാലയിൽ വരുമ്പോൾ മറ്റെന്തെങ്കിലും പരിപാടികളുണ്ടാകും. സ്ഥിരമായി ഒരു വി.സിയെ നിയമിച്ചാലേ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുള്ളുവെന്നും മാനേജ്മെന്റ് ഭാരവാഹികൾ പേറഞ്ഞു.
സ്വാശ്രയ കോളജ് സംരക്ഷണ ധർണ
കണ്ണൂർ സർവകലാശാല അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ 28ന് രാവിലെ പത്തിന് കണ്ണൂർ സർവകലാശാലയ്ക്ക് മുമ്പിൽ സ്വാശ്രയ കോളജ് സംരക്ഷണ ധർണ നടത്തും. മേയർ പി.ഇന്ദിര ഉദ്ഘാടനം ചെയ്യും. വഖഫ് ബോർഡ് അംഗം അഡ്വ. പി.വി സൈനുദ്ധീൻ മുഖ്യാതിഥിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |