
പേരാവൂർ: കടബാദ്ധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത മികച്ച പച്ചക്കറി കർഷകനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം ജേതാവ് ഏലിയാസ് അമ്പാടിന്റെ ഭാര്യ ലേസ്യാമയുടേതടക്കം ലോക് സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്ക് മുന്നിലെത്തിയത് നിരവധി പരാതികൾ. എഴുതി നൽകിയ പരാതിയാണ് പേരാവൂരിൽ നടന്ന കർഷക സദസിൽ രാഹുൽ ഗാന്ധിക്ക് ലേസ്യാമ്മ നൽകിയത്.
പരാതി മനസിലാക്കിയ രാഹുൽ ഗാന്ധി ലേസ്യാമ്മയെ വേദിയിലേക്ക് ക്ഷണിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ജനിതക വൈകല്യം നേരിടുന്ന യുവകർഷകനും മികച്ച കുട്ടികർഷകനുള്ള പേരാവൂർ പഞ്ചായത്തിന്റെ അവാർഡ് ജേതാവും സ്‌കൂൾ വിദ്യാർത്ഥിയായ അമ്പരീഷിനെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. കാട്ടാന ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആറളം സ്വദേശിയും സ്‌കൂൾ വിദ്യാർത്ഥിയുമായ രഞ്ജിനി രതീഷ് രാഹുൽ ഗാന്ധിയോട് താൻ നേരിട്ട അപകടത്തെക്കുറിച്ചും വിശദീകരിച്ചു.വന്യജീവി ശല്യത്തിന് പരിഹാരം കാണേണ്ടതിന്റെ അനിവാര്യതയും ഇതിന് ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ട ആവശ്യകതയും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി . മലയോര മേഖലയിലെ കർഷകർ നേരിടുന്ന പ്രതിസന്ധികൾ ഫാ. ജോസഫ് കാവനാഴിയിൽ രാഹുൽ ഗാന്ധിക്ക് മുന്നിൽ അവതരിപ്പിച്ചു. വന്യമൃഗശല്യം,നഷ്ടപരിഹാരം, വിലത്തകർച്ച, തറവില വർദ്ധനവിന്റെ ആവശ്യകത, ശീതികരണ സംഭരണശാല,കർഷക പെൻഷൻ വർദ്ധനവ്, കാർഷിക കുടുംബങ്ങൾക്കുള്ള ചെറിയ പലിശയ്ക്കുള്ള വായ്പ തുടങ്ങിയ നിർദ്ദേശങ്ങളായിരുന്നു ഇതിൽ അധികവും.ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും കന്നുകാലി ഇൻഷുറൻസ് ഉറപ്പാക്കണമെന്നും ക്ഷീരകർഷകയായ കേളകം സ്വദേശി അമൃത ആവശ്യപ്പെട്ടു. കശുവണ്ടി , പച്ചക്കറി,നാളികേരം ഉൾപ്പെടെ നിരവധി മേഖയിലെ കർഷകർ അവർ അനുഭവിക്കുന്ന ദുരിതങ്ങളും രാഹുൽ ഗാന്ധിക്ക് മുന്നിലെത്തി. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരുമ്പോൾ എല്ലാത്തിനും നടപടിയുണ്ടാകുമെന്നായിരുന്നു രാഹുൽ മറുപടി പ്രസംഗത്തിൽ നൽകിയ ഉറപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |