തലശ്ശേരി: ഗുരു നമുക്കേകിയ സത്യാനുഭൂതിയുടെ വെളിച്ചവും സമത്വ സുന്ദര ദർശനങ്ങളും ഇന്ന് ബുദ്ധിജീവികളുടെ
ആദ്ധ്യാത്മിക പ്രഭാഷണങ്ങളിൽ മാത്രം ഒതുങ്ങുകയാണെന്നും ഗുരുവിന്റെ വഴികളിൽ നിന്നുള്ള വ്യതിചലനം
ആത്മപരിശോധന നടത്തി തിരുത്തപ്പെടണമെന്നും ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്‌ബോധിപ്പിച്ചു. ജഗന്നാഥക്ഷേത്ര മഹോത്സവ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി.
ദിശാബോധവും, മാനവികദർശനവും ഗുരു നമുക്കേകി. ധ്യാനത്തിന്റെയും മൗനത്തിന്റെയും ഭാവങ്ങൾ വെടിഞ്ഞ്, ജനങ്ങൾക്ക് ഭൗതികവും, ആത്മീയവുമായ വികാസമുണ്ടാക്കാൻ ജനങ്ങളിലേക്കിറങ്ങി വന്ന സന്ന്യാസി ശ്രേഷ്ഠനായിരുന്നു ശ്രീനാരായണഗുരുദേവനെന്ന് സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
അടിത്തട്ടിലുള്ള ജനങ്ങളെ സമൂഹത്തിന്റെ പ്രബുദ്ധതയിലേക്ക് തന്റെ വാക്കുകളിലൂടേയും ജീവിതത്തിലൂടേയും നയിക്കുകയായിരുന്നു. മാനസികമായും ധൈഷണികമായും മനുഷ്യൻ വളരേണ്ടതുണ്ടെന്ന് ഗുരു പഠിപ്പിച്ചു. സ്വതന്ത്രത കൈവരിക്കാനാവണം. ഗുരു തന്റെ ജീവിതത്തിലൂടെയും ദർശനങ്ങളിലൂടേയും നമുക്ക് കാണിച്ചു തന്നത് അതാണ്.
ആദ്ധ്യാത്മികമായ ഔന്നത്യം മാത്രമല്ല. സമൂഹത്തിന്റെ ശാസ്ത്രീയവും ഭൗതികവുമായ ഉന്നമനത്തിനായുളള
വഴികളാണ് ഗുരു നമുക്ക് കാണിച്ചുതന്നത്.
സത്യം, ജ്ഞാനം, ആനന്ദം എന്നിവയ്ക്കായാണ് ഗുരു നിലകൊണ്ടത്. ജനനീനവരത്നമഞ്ജരി എന്ന കൃതിയിലൂടെ നമ്മുടെ ജീവിതവ്യഥകൾക്കുള്ള ശാശ്വതമായ മരുന്നാണ് ഗുരു നമുക്ക് പ്രദാനം ചെയ്ത്. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണമെന്ന് ഗുരു ഉദ്‌ബോധിപ്പിച്ചു. അറിവിന്റെ വിളക്ക് കൊളുത്തിവെക്കാൻ പറഞ്ഞു. മാനുഷിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ ഗുരു നമ്മെ പഠിപ്പിച്ചു. അല്ലാതെ വന്നാൽ മനുഷ്യ രൂപത്തിലുള്ള മൃഗങ്ങളായിരിക്കുമെന്ന് ഗുരു ഓർമ്മപ്പെടുത്തിയതായും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ. കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. വി. കാർത്തികേയൻ നായർ, അശോക് കുമാർ അൻപൊലി, സി. ചന്ദ്രൻ ദില്ലി, പ്രേമാനന്ദ സ്വാമികൾ, രവീന്ദ്രൻ പൊയിലൂർ, എസ്.പി. മുരളീധരൻ, സി. ഗോപാലൻ, അഡ്വ. കെ. അജിത് കുമാർ സംസാരിച്ചു. ടി.പി. ഷിജു സ്വാഗതവും, വി.കെ. കുമാരൻ വളയം നന്ദിയും പറഞ്ഞു.
ഇന്ന് വൈകുന്നേരം 6.30 ന് നടക്കുന്ന ഉത്സവ സമാപന സമ്മേളനം ഗോകുലം ഗോപാലന്റെ അദ്ധ്യക്ഷതയിൽ കർണ്ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുപ്രസാദ് അനുഗ്രഹഭാഷണം നടത്തും. എ.ഡി.ജി.പി പി. വിജയൻ മുഖ്യാതിഥിയായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |