അവസരം മുതലാക്കാൻ യു.ഡി.എഫ്.
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കണ്ണൂർ ജില്ലയിലെ സി.പി.എം കോട്ടകളിൽ പൊട്ടിത്തെറി. പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പുറത്താക്കപ്പെട്ട മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ പ്രഖ്യാപിച്ചതിനു പിന്നാലെ, 60 വർഷം പാർട്ടിക്കൊപ്പം നിന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ തളിപ്പറമ്പിൽ പി.കെ. ശ്യാമളക്കെതിരെ ഇറങ്ങാൻ തയ്യാറെടുത്തതോടെ ജില്ലയിൽ സി.പി.എം കടുത്ത പ്രതിരോധത്തിലായി. രണ്ട് മണ്ഡലങ്ങളിലും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ് യു.ഡി.എഫ്. രണ്ട് വിമത നേതാക്കളുമായി യു.ഡി.എഫ് നേതൃത്വം ഇതിനകം ചർച്ച നടത്തിക്കഴിഞ്ഞു.
ആറ് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ 75ാം വയസ്സിൽ പാർട്ടിയെ ഉപേക്ഷിക്കുന്ന ഗോവിന്ദന്റെ നടപടി സി.പി.എമ്മിനെ ഞെട്ടിക്കുന്നതാണ്.
ആരോപണങ്ങൾ മുഖവിലയ്ക്കെടുക്കാതെ ടി.ഐ. മധുസൂദനനെ തന്നെ ഇക്കുറിയും സി.പി.എം സ്ഥാനാർത്ഥിയാക്കിയതോടെ, പോരാട്ടം ജനകീയ വേദിയിലേക്ക് കൊണ്ടുപോകാൻ മത്സരമല്ലാതെ നിർവ്വാഹമില്ലെന്നാണ് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കിയത്.
കുഞ്ഞികൃഷ്ണന്റെ പ്രധാന ആരോപണങ്ങൾ
രക്തസാക്ഷി ധനരാജിന്റെ കുടുംബത്തിനായി ശേഖരിച്ച ഒരു കോടി രൂപയിൽ 46 ലക്ഷം രൂപ മധുസൂദനൻ ഉൾപ്പെടെയുള്ളവർ തട്ടിയെടുത്തു
പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടടക്കം 91 ലക്ഷം രൂപ പാർട്ടിക്ക് നഷ്ടപ്പെട്ടു
ആരോപണങ്ങൾ തെളിവ് സഹിതം പാർട്ടിക്ക് നൽകിയിട്ടും നടപടിയുണ്ടായില്ല
പയ്യന്നൂർ സി.പി.എമ്മിനെ 'മാഫിയ സംഘ'ത്തിൽ നിന്ന് രക്ഷിക്കുകയാണ് ലക്ഷ്യം
ടി.ഐ. മധുസൂദനൻ ഇടതുപക്ഷ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന നേതാവല്ല
ഈ മത്സരം ഇടതുവിരുദ്ധ നടപടിയല്ല, അഴിമതിക്കെതിരെയുള്ള പോരാട്ടമാണ്
ടി.കെ ഗോവിന്ദന്റെ പ്രധാന ആരോപണങ്ങൾ:
മൂന്നു തവണ തളിപ്പറമ്പ് എം.എൽ.എ ആയ എം.വി. ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറി പദവിയിലിരിക്കെ, തൊട്ടടുത്ത ടേമിൽ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കി. ഇതിനു പിന്നിൽ നാലാം തവണയും ആ സീറ്റ് കൈവശം വയ്ക്കാനുള്ള ഉദ്ദേശ്യമാണ്
ജില്ലാ സെക്രട്ടേറിയറ്റ് ചർച്ചകളിൽ ശ്യാമളയ്ക്ക് ഒപ്പം പരിഗണിക്കപ്പെട്ടിരുന്ന എൻ. സുകന്യ ഉൾപ്പെടെ ഒരാളുടെ പേരും സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പോയില്ല; ശ്യാമളയുടെ പേര് മാത്രം മുകളിലേക്ക് കൊടുത്തു
ജില്ലാ കമ്മിറ്റിയിലും മണ്ഡലം കമ്മിറ്റിയിലും മൂന്ന് പേർ ഒഴികെ സ്ഥാനാർഥിത്വത്തിനെതിരെ, എം.വി. ഗോവിന്ദൻ ഇരിക്കെ രൂക്ഷ വിമർശനം ഉന്നയിച്ചിട്ടും സ്ഥാനാർത്ഥി മാറ്റമുണ്ടായില്ല
ഹാപ്പിനസ് ഫെസ്റ്റ് ഉൾപ്പെടെ കോടിക്കണക്കിന് രൂപ ചെലവ് വരുന്ന പരിപാടികൾ ഒരു ചർച്ചയുമില്ലാതെ, ഇഷ്ടക്കാരെ ഉൾപ്പെടുത്തി നടത്തി; ഫണ്ട് ഓഡിറ്റ് ചെയ്യപ്പെടുന്നില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |