കണ്ണൂർ: തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ആവേശോജ്വല സമാപനം. ഇന്ന് നിശ്ശബ്ദ പ്രചാരണം. നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ, മുഴുവൻ വോട്ടർമാരെയും ബൂത്തിലെത്തിക്കാൻ മുന്നണികൾ പരിശ്രമത്തിലാണ്. എന്നാൽ പല മണ്ഡലങ്ങളിലും വ്യക്തതയില്ലാത്ത അടിയൊഴുക്കുകളും അട്ടിമറി സാദ്ധ്യതകളും മുന്നണികളുടെ കണക്കുകൂട്ടലുകൾക്കു മുകളിൽ ആശങ്ക ഉയർത്തുന്നു.
ജില്ലയിലെ 11 മണ്ഡലങ്ങളിൽ നാലിടങ്ങളിൽ എൽ.ഡി.എഫിന് വ്യക്തമായ മുൻതൂക്കം നിലനിൽക്കുന്നുവെന്നാണ് വിലയിരുത്തൽ. ധർമ്മടം, മട്ടന്നൂർ, കല്യാശ്ശേരി, തലശ്ശേരി മണ്ഡലങ്ങളിൽ ഇടതു മുന്നണി അനായാസ വിജയം പ്രതീക്ഷിക്കുന്നു. എന്നാൽ മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഭൂരിപക്ഷത്തിൽ കുറവ് സംഭവിക്കാമെന്ന സൂചനകളും ചില ഇടങ്ങളിൽ ഉയരുന്നുണ്ട്.
അതേസമയം, ജില്ലയിലെ മറ്റ് മണ്ഡലങ്ങളിൽ മത്സരം കടുത്തതും ഫലം പ്രവചനാതീതവുമാണ്. അഴീക്കോട് മണ്ഡലത്തിൽ ഇരുപക്ഷവും ശക്തമായി പോരാട്ടം നയിക്കുന്ന സാഹചര്യത്തിൽ അന്തിമവിധി വോട്ടെണ്ണലിനു ശേഷമേ വ്യക്തമാകൂ.
പേരാവൂരിൽ കെ.കെ ശൈലജയും സണ്ണി ജോസഫും നേർക്കുനേർ ഏറ്റുമുട്ടുന്ന സ്റ്റാർ പോരാട്ടം സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധ നേടുന്നുണ്ട്. ഇരിക്കൂറിൽ സിറ്റിംഗ് എം.എൽ.എയ്ക്കുള്ള അനുകൂല സാഹചര്യം തുടരുമ്പോൾ, കണ്ണൂർ മണ്ഡലത്തിൽ ഫലം അവസാന നിമിഷം വരെ അനിശ്ചിതത്വത്തിൽ തുടരാനിടയുണ്ട്.
കൂത്തുപറമ്പിലും അഴീക്കോടും അവസാന ഘട്ടത്തിൽ പ്രചാരണ ട്രെൻഡുകളിൽ മാറ്റമുണ്ടായതായി സൂചനകളുണ്ട്.
പ്രചാരണം അവസാനിച്ചെങ്കിലും, വോട്ടെടുപ്പിന് മുമ്പുള്ള ഈ നിശ്ശബ്ദ ഘട്ടത്തിലാണ് യഥാർത്ഥ രാഷ്ട്രീയ ചലനങ്ങൾ സംഭവിക്കുന്നതെന്നതാണ് പൊതുവായ വിലയിരുത്തൽ.
തളിപ്പറമ്പും പയ്യന്നൂരും ശ്രദ്ധേയം
തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിൽ അടിയൊഴുക്കുകൾ ശക്തമാണെന്ന സൂചനകൾ സി.പി.എം അണികളിൽ നിന്നുതന്നെ ഉയരുന്നുണ്ട്. ഇതോടെ ഇടതുവോട്ടുകളിൽ ചലനം ഉണ്ടായിട്ടുണ്ടോയെന്ന സംശയം ശക്തമാണ്. പയ്യന്നൂരിൽ ആരോപണങ്ങളും സംഘടനാ പ്രശ്നങ്ങളും ഇടതുക്യാമ്പിനെ പ്രതിരോധത്തിലാക്കുമ്പോൾ, യു.ഡി.എഫ് അട്ടിമറി പ്രതീക്ഷയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വലിയ ഭൂരിപക്ഷം ഇത്തവണ നിലനിർത്തുക എളുപ്പമല്ലെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരുടേത്. തളിപ്പറമ്പിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട വിവാദങ്ങളും ഭിന്നതകളും നിലനിൽക്കുന്നത് മത്സരം പ്രവചനാതീതമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |