അഴീക്കോട്/ഇരിട്ടി:നിയമസഭാ തിരഞ്ഞെടുപ്പ് പരസ്യപ്രചരണത്തിന്റെ അവസാന നിമിഷം നടന്ന കലാശക്കെട്ട് ഇരിട്ടിയിലും അഴീക്കോട്ടും എൽ.ഡി.എഫ് -യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷാവസ്ഥയുണ്ടാക്കി.
ഇരിട്ടിയിൽ മൂന്ന് മുന്നണികളും പഴയ ബസ് സ്റ്റാൻഡ് കേന്ദീകരിച്ചായിരുന്നു നടന്നത്. കലാശകെട്ടിന്റെ അവസാന നിമിഷത്തിലേക്ക് നീങ്ങുന്ന സമയത്ത് ഇരിട്ടി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകളിൽ കയറി യു.ഡി.എഫ് പ്രവർത്തകർ സ്വർണ്ണം കട്ടത് ആരപ്പാ സഖക്കളാണേ അയ്യപ്പാ എന്ന ഫ്ലക്സ് ഉയർത്തിയതോടെ എൽ.ഡി.എഫ് പ്രവർത്തകർ രംഗത്ത് വരികയായിരുന്നു. കലാശക്കൊട്ടിന് ശേഷം ഫ്ലക്സ് ഉയർത്തിയ യു.ഡി.എഫ് പ്രവർത്തകർ ഇറങ്ങി വരുന്ന പ്രവേശന കവാടം കേന്ദീകരിച്ച് എൽ.ഡി എഫ് പ്രവർത്തകർ നിന്നത് സംഘർഷാവസ്ഥയിലേക്ക് നീങ്ങി. പൊലീസ് സംഘം അവിടെ എത്തി പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംഘർഷാവസ്ഥ അരമണിക്കൂറോളം നീണ്ടുനിന്നു.
വി.ശിവദാസ് എം.പി യും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയി കുര്യനും എൽ.ഡി.എഫ് പ്രവർത്തകരോട് പിരിഞ്ഞു പോക്കാൻ നിരന്തരം ആവശ്യപ്പെട്ടു. കൂടുതൽ കേന്ദ്ര പൊലീസ് സംഘം സ്ഥലത്തെത്തിയാണ് പ്രവർത്തകരെ പിൻതിരിപ്പിച്ചത്. കൂടുതൽ പൊലീസ് ഇല്ലാത്തതാണ് സംഘർഷാവസ്ഥ നീണ്ടുനിൽക്കാൻ കാരണമെന്ന് ആരോപണമുണ്ട്.
പരസ്യ പ്രചരണ സമാപനത്തിന് ശേഷം അഴീക്കോട് മൂന്ന്നിരത്തിലുണ്ടായ കല്ലേറിൽ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. വൻകുളത്ത് വയലിൽ അവസാനിച്ച യു.ഡി.എഫ് അഴീക്കോട് മണ്ഡലം കലാശക്കൊട്ടിനെത്തിയ പ്രവർത്തകരും മൂന്ന് നിരത്തിൽ പരസ്യ പ്രചരണം അവസാനിപ്പിച്ച അഴീക്കോട് നോർത്ത് മണ്ഡലം എൽ.ഡി.എഫ് പ്രവർത്തകരും തമ്മിലാണ് കല്ലേറുണ്ടായത്. കല്ലേറിൽ പരിക്കേറ്റ എൽ.ഡി.എഫ് പ്രവർത്തകരായ ടി.പി ലത്തീഫ്, അനുഗ്രഹ്, കെ.വി അഭിജിത്ത്, കെ. രാജേഷ്, എന്നിവരെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്ന് നിരത്തിൽ എൽ.ഡി.എഫ് പ്രചാരണത്തിന്റെ ഭാഗമായി ബൈക്കിൽ പോകുകയായിരുന്ന പ്രവർത്തകരുമായി യു.ഡി.എഫ് റാലിയിൽ പങ്കെടുത്ത പ്രവർത്തകർ വാക്ക് തർക്കം ഉണ്ടായതിന്റെ തുടർച്ചയായിരുന്നു അക്രമം.
സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, ടി.വി രാജേഷ്, എം. പ്രകാശൻ, കെ.വി ഷക്കീൽ, സ്ഥാനാർത്ഥി കെ.വി സുമേഷ് എന്നിവർ എ.കെ.ജി ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. പരിക്കേറ്റ യു.ഡി.എഫ് പ്രവർത്തകർ പാപ്പിനിശേരി എം.എം ആശുപത്രിയിൽ ചികിത്സ തേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |