SignIn
Kerala Kaumudi Online
Friday, 24 April 2026 5.31 PM IST

പയ്യന്നൂർ പൊലീസ് ഡംബിംഗ് യാർഡിൽ വൻ തീപിടിത്തം; 200 ലധികം വാഹനങ്ങൾ കത്തി നശിച്ചു

Increase Font Size Decrease Font Size Print Page
fire
കോറോം നെല്ലിയാട്ട് പയ്യന്നൂർ പൊലീസ് ഡംബിംഗ് യാർഡിലുണ്ടായ തീപിടുത്തം

പയ്യന്നൂർ: പൊലീസ് വിവിധ കേസുകളിൽപ്പെട്ട വാഹനങ്ങൾ സൂക്ഷിക്കുന്ന കോറോം നെല്ലിയാട്ട് ഡംബിംഗ് യാർഡിൽ വൻ തീപിടിത്തം. ഇരുനൂറിലധികം വാഹനങ്ങൾ കത്തിനശിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപിടിത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പയ്യന്നൂർ അഗ്നിശമനസേനയിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു.

പയ്യന്നൂർ ഫയർ സ്റ്റേഷനിൽ നിന്നും മൂന്ന് യൂണിറ്റ് വാഹനങ്ങളെത്തി തീയണക്കാൻ ശ്രമം ആരംഭിച്ചെങ്കിലും തീ ആളിപ്പടരുവാൻ തുടങ്ങിയതോടെ പെരിങ്ങോം, തളിപ്പറമ്പ്, കണ്ണൂർ, തൃക്കരിപ്പൂർ, പഴയങ്ങാടി തുടങ്ങിയ ഫയർ സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ യൂണിറ്റുകളെത്തിയാണ് തീയണച്ചത്. ഒൻപത് യൂണിറ്റുകൾ രാത്രി വരെ പ്രവർത്തിച്ചിട്ടും തീ പൂർണ്ണമായും അണക്കാനായില്ല.

ചുറ്റുമതിലില്ലാത്തതും കനത്ത ചൂടുള്ള ഉച്ച നേരമായതും തീപിടിത്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. സമീപത്തായി പാചകവാതക ഗോഡൗണും പ്രവർത്തിക്കുന്നുണ്ട്. തൊട്ടടുത്ത് ആളുകൾ താമസിക്കുന്ന വീടുകളും ഉണ്ട്. ഈ ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടയുവാൻ കഴിഞ്ഞതിനാലാണ് വൻ ദുരന്തം വഴി മാറിയത്.

പ്രദേശത്തെ 30 ഏക്കറോളം പറമ്പുകളിൽ തീ പടർന്നിരുന്നു. വാഹനങ്ങൾക്ക് തീ പിടിച്ചതോടെ പെട്ടെന്ന് തന്നെ നിയന്ത്രണാതീതമാകുകയായിരുന്നു. ടയറുകൾ കത്താൻ തുടങ്ങിയതോടെ പുകയും രൂക്ഷഗന്ധവും സമീപമാകെ പടർന്നു. ഇതും രക്ഷാപ്രവർത്തനം ദുസ്സഹമാക്കി.

മുമ്പും യാർഡിൽ തീപിടിത്തമുണ്ടായതായി നാട്ടുകാർ പറയുന്നു. മതിൽ കെട്ടി സുരക്ഷിതമാക്കാതെ വാഹനങ്ങൾ കൊണ്ടുതള്ളുന്നത് ദുരന്തത്തിനിടയാക്കുകയാണെന്നും പരാതിയുണ്ട്. ചൊവ്വാഴ്ച വൈകീട്ട് മുതിയലത്തിനു സമീപം പുൽമേടിൽ തീപിടിച്ചിരുന്നു. പയ്യന്നൂരിൽ നിന്നും അഗ്നിശമന സേനയെത്തി തീ അണക്കുകയായിരുന്നു. ഇതിനു തുടർച്ചയായാണ് ബുധനാഴ്ചയും തീപിടിത്തമുണ്ടായത്.

വിവരമറിഞ്ഞ് എൽ.ഡി.എഫ് പയ്യന്നൂർ മണ്ഡലം സ്ഥാനാർത്ഥി ടി.ഐ മധുസൂദനൻ, യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ, നഗരസഭ ചെയർപേഴ്‌സൺ സരിൻ ശശി, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി, മുൻ നഗരസഭാ ചെയർപേഴ്‌സൺ കെ.വി ലളിത തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.

TAGS: LOCAL NEWS, KANNUR, FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.