കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്തിലെ കരുതൽ മേഖലയിലെ ജനവാസ കേന്ദ്രങ്ങളെയും നിർമ്മിതികളെയും ജിയോടാഗ് ചെയ്യാനുള്ള മൊബൈൽ ആപ്ളിക്കേഷൻ പ്രവർത്തനരഹിതമായതിനെത്തുടർന്ന് ഇന്നലെ നടന്ന ഫീൽഡ് സർവേ പ്രവർത്തനങ്ങൾ മുടങ്ങി.ബഫർ സോൺ പ്രദേശത്തെ നിർമ്മാണങ്ങൾ കണ്ടെത്തുന്നതിനുള്ള ഫീൽഡ് സർവേ പൂർത്തിയാക്കാനുള്ള തീയതി നാളെ അവസാനിക്കാനിരിക്കെ സർവേ തടസ്സപ്പെട്ടത് പഞ്ചായത്ത് അധികൃതരേയും കർഷകരേയും ആശങ്കയിലാഴ്ത്തി.
കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ തയ്യാറാക്കിയ ആപ്പ് ഉപയോഗിച്ചാണ് ഫീൽഡ് സർവേ നടത്തുന്നത്.ഈ ആപ്പ് എല്ലാ മൊബൈലുകളിലും പ്രവർത്തിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മൊബൈൽ നെറ്റ് വർക്ക് കുറഞ്ഞ പ്രദേശങ്ങളും സർവേയ്ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ആപ്പിലുള്ള ഫോം പൂരിപ്പിക്കണം. ഫോട്ടോ അപ് ലോഡ് ചെയ്യണം. വീട്ടുനമ്പർ, കെട്ടിട നമ്പർ, സർവേ നമ്പർ എന്നിവയും ആപ്പ് ഉപയോഗിച്ച് റിപ്പോർട്ട് ചെയ്യണം.തുടർന്ന് സകല നിർമിതികളും അടയാളപ്പെടുത്തണം. ഒരാളുടെ പേരിൽ ഒന്നിലധികം സർവേ നമ്പറിൽ ഭൂമിയുണ്ടെങ്കിൽ എല്ലാ സ്ഥലത്തും നേരിട്ട് പോയി റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.
കൊട്ടിയൂരിൽ പഞ്ചായത്ത് ജീവനക്കാർ, തൊഴിലുറപ്പ് പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർക്ക് പ്രത്യേക പരിശീലനം നൽകിയാണ് സർവേ പ്രവർത്തനങ്ങൾ നടത്തുന്നത്.ഇവരെ സഹായിക്കാനായി എൻ.എസ്.എസ് വൊളന്റിയർമാരും എത്തിയിരുന്നു.തുടക്കത്തിൽ ആപ്പ് ഉപയോഗിച്ച് സർവേ നടപടികൾ തുടർന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങളാൽ ആപ്പ് പ്രവർത്തനരഹിതമായി .ഇന്നലെ രാവിലെ മുതൽ ഉച്ചവരെ സർവേ തടസപ്പെട്ടു.രണ്ടു ദിവസം കൊണ്ട് സർവേ നടപടികൾ പൂർത്തിയാക്കാനുള്ള അധികൃതരുടെ ശ്രമത്തിന് ഇത് തിരിച്ചടിയായി.വാർഡ് മുഴുവൻ സർവേ നടത്തേണ്ടതുണ്ട്. സെർവർ തകരാറിലായ വിവരം പഞ്ചായത്ത് അധികൃതർ അറിയിച്ചപ്പോൾ എല്ലാവരും ഒരേ സമയത്ത് ലോഗിൻ ചെയ്തതു കൊണ്ട് വന്ന പ്രശ്നമാണെന്നായിരുന്നു ബന്ധപ്പെട്ടവരുടെ മറുപടി. ഫീൽഡ് സർവേ നടത്തി ജനവാസ മേഖലകൾ റിപ്പോർട്ട് ചെയ്യാനുള്ള അവസാന ദിവസം നാളെയാണ്.
ജനവാസകേന്ദ്രങ്ങളെ ബഫറിൽ നിന്നും ഒഴിവാക്കാൻ
ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിന്റെ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കുന്നതിനാണ് ഫീൽഡ് സർവേ നടത്തുന്നത്. ബഫർ സോൺ സംബന്ധിച്ച് ഡിസംബർ 12ന് സർക്കാർ പ്രസിദ്ധീകരിച്ച മാപ്പ് അടിസ്ഥാനമാക്കിയാണ് സർവേ നടത്തുന്നത്. സർവേ പ്രകാരം ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് സർക്കാരിന് കൈമാറേണ്ടതുണ്ട്. ആപ്പ് പ്രവർത്തനക്ഷമമായില്ലെങ്കിൽ സർവേ പ്രവർത്തനങ്ങൾ എങ്ങനെ പൂർത്തീകരിക്കുമെന്ന കടുത്ത ആശങ്കയിലാണ് പഞ്ചായത്തും കർഷകരും.
നിലവിലെ സാഹചര്യത്തിൽ ഏഴാം തീയതിക്കുള്ളിൽ സർവേ നടപടികൾ പൂർത്തിയായില്ലെങ്കിൽ ബഫർ സോണുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ കൈമാറാൻ പ്രയാസമുണ്ട്. സർക്കാർ ഇക്കാര്യത്തിൽ ശക്തമായി ഇടപെട്ട് ഒന്നുകിൽ തീയതി നീട്ടി നൽകണം. അല്ലെങ്കിൽ പഞ്ചായത്തിലും വില്ലേജിലുമുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി അത് മാനദണ്ഡമാക്കി ഓരോ വാർഡിലെയും നിർമ്മിതികൾ കൈമാറാൻ അനുവദിക്കണം- റോയി നമ്പുടാകം,കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |