തലശേരി: 165 വർഷം പഴക്കമുള്ള ജഡ്ജ് ബംഗ്ലാവ്' 'സമൃദ്ധി അറ്റ് ജഡ്ജസ്' എന്ന പേരിലാണ് ഇനി അറിയപ്പെടുക. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പൈതൃക ടൂറിസവും ഉത്തരവാദിത്വ ടൂറിസവും വഴി വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ബംഗ്ലാവ് പുതിയ മാറ്റത്തിലേക്ക് വഴിമാറുന്നത്.
പടിപ്പുരയും വിശാലമായ അകത്തളങ്ങളും ഇരുഭാഗത്തും വലിയ മുറ്റങ്ങളുമുള്ള ബംഗ്ലാവിൽ 21 വലിയ മുറികളുണ്ട്. ആദ്യ ഘട്ടത്തിൽ എട്ട് മുറികളാണ് സഞ്ചാരികൾക്കായി സജ്ജീകരിച്ചത്. പൈതൃകസംരക്ഷണത്തിന്റെ ഭാഗമായി നിലവിലുള്ള കെട്ടിടത്തിന് ഒരുമാറ്റവും വരുത്തിയിട്ടില്ല.
സ്വാതന്ത്ര്യ സമര സേനാനി ധർമ്മടം മേലൂരിലെ പരേതനായ രൈരുനായരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ബംഗ്ളാവ്. കോടിയേരി ബാലകൃഷ്ണൻ മുൻ ടൂറിസം മന്ത്രിയായിരിക്കെ ജഡ്ജ് ബംഗ്ലാവിൽ എത്തിയപ്പോൾ ഇത്തരമൊരു സാദ്ധ്യതയെപറ്റി രൈരുനായരോട് സൂചിപ്പിച്ചിരുന്നു.
'മോനെ എനിക്ക് ജീവനുള്ളിടത്തോളം കാലം അങ്ങനെ വേണ്ട.. എന്റെ കാലശേഷം വേണമെങ്കിൽ എന്റെ മക്കൾ ഇത്തരത്തിൽ തുടങ്ങിക്കോട്ടെ' എന്നായിരുന്നു മറുപടി. നിലവിൽ 'അറ്റ് മൈ പ്ലെയ്‌സ് ഹോട്ടൽസ്' എന്ന ഗ്രൂപ്പിൽ സമൃദ്ധി അറ്റ് ജഡ്ജസ് ബംഗ്ലാവ് അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.അറിയപ്പെടാത്ത ഓർമകളുടെ ജീവിതകഥയിലേക്ക് ഇനി നാടിന് യാത്രചെയ്യാം ഒപ്പം വിദേശ സഞ്ചാരികൾക്കും.
ഉദ്ഘാടനചടങ്ങിൽ രൈരു നായരുടെ മക്കളായ ഡോ.പ്രീത ചാത്തോത്ത്, പ്രദീപൻ, പ്രസന്ന,പ്രവീണ എന്നിവരും സി.പി. എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, ജമിനി ശങ്കരൻ, സി.പി.എം പിണറായി ഏരിയാ സെക്രട്ടറി കെ.ശശിധരൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ,കക്കോത്ത് രാജൻ, മമ്പറം മാധവൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
യെച്ചൂരി മുറിയുണ്ട്, സുഭാഷ് ചന്ദ്രബോസിന്റെ മൺകൂജയും
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി താമസിച്ച മുറി 'യെച്ചൂരി മുറി' എന്ന പേരിൽ ഇവിടെ ഒരുക്കിയിട്ടുണ്ട്.പാർട്ടി കോൺഗ്രസിന്റെ സമയത്ത് ഉൾപ്പെടെ രണ്ട് മൂന്ന് തവണ അദ്ദേഹം ഇവിടെ സന്ദർശിച്ചിട്ടുണ്ട്. രൈരു നായർക്ക് നേതാജി സുഭാഷ് ചന്ദ്രബോസ് സമ്മാനിച്ച കൂറ്റൻ മൺകൂജയും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള പ്രമുഖരായ രാഷ്ട്രീയസാംസ്‌കാരിക നായകൻമാർ ഈ വീട് സന്ദർശിച്ചതിന്റെ ഓർമച്ചെപ്പുകളും അവിടെ പ്രദർശിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |