ദേശീയപാതയിലെ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കാസർകോട്: നാട്ടുകാരെ ആശങ്കയിലാഴ്ത്തി വീണ്ടും ചെറുവത്തൂർ മയ്യിച്ചയിലുള്ള വീരമലക്കുന്ന് ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണു. തത്സമയം കാറിലും ബൈക്കിലും യാത്ര ചെയ്തവർ വൻദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ബുധനാഴ്ച രാവിലെ 10.10നാണ് നാടിനെയാകെ ഭയപ്പാടിലാക്കി കുന്ന് മുഴുവനായി ഇടഞ്ഞുവീണത്.
സംഭവത്തെ തുടർന്ന് ദേശീയപാത വഴിയുള്ള ഗതാഗതം തടസപ്പെട്ടു.
നൂറു മീറ്റർ ഉയരത്തിലുള്ള വീരമല കുന്നാണ് മൂന്നാം തവണയും ഇടിഞ്ഞത്. ഇത്തവണത്തെ മണ്ണിടിച്ചൽ ഇതുവരെ ഉണ്ടായതിലും ഭയാനകമായിരുന്നു. കുന്നിന്റെ ഏറ്റവും ഉയരത്തിൽ നിന്നാണ് ഇടിഞ്ഞുവന്നത്. കുന്നിന്റെ മുകളിലുള്ള സമുദായ ശ്മശാനത്തിന് തെക്കുഭാഗത്തെ 75 മീറ്റർ നീളത്തിൽ കുന്നുകൾ ഒടിഞ്ഞിരുന്നു. കൂറ്റൻ കരിങ്കൽ പാറയും ചെങ്കല്ലും മണ്ണും ഒന്നാകെ കുത്തനെ ഒഴുകി കരാർ കമ്പനിക്കാർ നിർമ്മിച്ച കോൺക്രീറ്റ് സുരക്ഷാ ഭിത്തിയും ഡിവൈഡറുകളും തകർത്ത് പടിഞ്ഞാറുഭാഗത്തേക്കുള്ള റോഡ് ഭാഗവും കടന്ന് പതിക്കുകയായിരുന്നു. ആറു വരി പാതയും കവിഞ്ഞു രതീഷ് ഹോട്ടലിന് സമീപം വരെ കല്ലും മണ്ണും പതിച്ചു.
തിരക്കേറിയ ഹൈവേയിൽ അപകട സമയത്ത് കൂടുതൽ വാഹനങ്ങൾ ഇല്ലാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. മണ്ണിടിച്ചലിൽ കാർ ഒലിച്ചുപോയെങ്കിലും പടന്നക്കാട് എസ്.എൻ ടി.ടി.ഐയിലെ അദ്ധ്യാപിക സിന്ധു ഭാഗ്യം കൊണ്ടാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.
നാട്ടുകാരും ഫയർഫോഴ്സും ദുരന്തനിവാരണ അതോറിറ്റിയും സന്നദ്ധ സേവകരും സ്ഥലത്തെത്തി ആറു മണിക്കൂറോളം നടത്തിയ ശ്രമഫലമായി മണ്ണ് ഭാഗികമായി നീക്കം ചെയ്‌തെങ്കിലും വീണ്ടും ഇടിഞ്ഞേക്കുമെന്ന ഭീതിയിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിച്ചില്ല. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം എൻ.ഡി.ആർ.എഫ് സംഘം എത്തി എട്ട് ജെ.സി.ബിയും ക്രെയിനും ഉപയോഗിച്ചാണ് മണ്ണും കല്ലും നീക്കിയത്.
എം. രാജഗോപാലൻ എം.എൽ.എ, ജില്ലാ കളക്ടർ കെ. ഇമ്പശേഖർ, ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡി, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത്, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള, മുൻ എം.പി പി. കരുണാകരൻ, ഹൊസ്ദുർഗ് തഹസിൽദാർ, വില്ലേജ് ഓഫീസർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയത്.
ഷിരൂരിൽ ഉണ്ടായതിന് സമാനമായ മണ്ണിടിച്ചൽ ആണ് വീരമലക്കുന്നിൽ ഇന്നലെ രാവിലെ സംഭവിച്ചത്. മണ്ണും കല്ലും ഇടിഞ്ഞുവരുന്ന ദൃശ്യം ഭയാനകമായിരുന്നു. ആളപായം ഇല്ലാതെ പോയത് ഭാഗ്യം കൊണ്ടുമാത്രമാണ്.
അരവിന്ദൻ (രതീഷ് ഹോട്ടൽ ഉടമ, മയ്യിച്ച)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |