കാസർകോട്: ഉഡുപ്പി കരിന്തളം 400 കെ.വി. ലൈൻ പ്രവൃത്തിയുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിന് സമഗ്രമായ പാക്കേജ് സർക്കാർ തീരുമാനിച്ചതായും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടനുണ്ടാകുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടി നിയമസഭിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എയുടെ സബ്മിഷന് മറുപടിയായി അറിയിച്ചു.
കേരള സംസ്ഥാനത്തെയും പ്രത്യേകിച്ച് ഉത്തര കേരളത്തിലെയും വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ഉഡുപ്പി -കാസർകോട് പദ്ധതി, കാസർകോട്- വയനാട് പദ്ധതി എന്നിങ്ങനെ രണ്ട് പദ്ധതികൾക്ക് സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ അംഗീകാരം ലഭിച്ചിരുന്നു.
ഉഡുപ്പി - കരിന്തളം 400 കെ.വി ലൈൻ പദ്ധതി നിർവഹണ ചുമതല യു.കെ.ടി.എലിന് നൽകിയിട്ടുള്ളതാണ്. 400 കെ.വി ലൈൻ നിർമ്മാണവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ നഷ്ട പരിഹാര പാക്കേജ് സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ കൈക്കൊണ്ടതായി മന്ത്രി അറിയിച്ചു. താമസിയാതെ ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുമെന്നും സബ്മിഷന് മറുപടിയായി മന്ത്രി നിയമസഭയെ അറിയിച്ചു.
നഷ്ട പരിഹാര പാക്കേജ് ഇങ്ങനെ
1. ടവർ സ്ഥാപിക്കുന്നതിനുള്ള സ്ഥലത്തിന്റെ നഷ്ടപരിഹാരം ഭൂമിയുടെ ന്യായവിലയുടെ 4 മടങ്ങിന്റെ 85 ശതമാനം (ന്യായവിലയുടെ 340 ശതമാനം).
2. ലൈൻ കടന്നു പോകുന്നതിനുള്ള നഷ്ടപരിഹാരം ഭൂമിയുടെ ന്യായവിലയുടെ 60 ശതമാനം.
3. നഷ്ടപരിഹാരം കണക്കാക്കുന്നതിനുള്ള കുറഞ്ഞ ന്യായവില ഏറ്റവും കുറഞ്ഞത് സെന്റിന് 7,000 രൂപ
4. മരം മുറിക്കുന്നതിനുള്ള നഷ്ടപരിഹാരം അതാത് ജില്ലാ കളക്ടർമാർ നിശ്ചയിക്കുന്ന നിരക്കുകൾ പ്രകാരം.
5) ലൈനിന് താഴെ വരുന്നതും തുടർന്ന് അതേപടി നില നിൽക്കുന്നതുമായ വീടുകൾക്കുള്ള അധിക നഷ്ടപരിഹാരം 2,00,000 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |