കരുനാഗപ്പള്ളി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരുനാഗപ്പള്ളിയിൽ വേഗത പോര. സ്ഥലം സർക്കാർ ഏറ്റെടുത്ത് നാഷണൽ ഹൈവേ അതോറിട്ടിക്ക് കൈമാറിയ ശേഷം യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു പണികൾ പുരോഗമിച്ചത്.
അക്വർ ചെയ്ത സ്ഥലത്തെ കെട്ടിടങ്ങൾ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് പൊളിച്ച് നീക്കി നിലവിലുള്ള ദേശീയപാതയുടെ ഇരുവശങ്ങളിലും ഉണ്ടായിരുന്ന ഓടകൾ പൊളിച്ച് പുതിയ ഓടകൾ നിർമ്മാണം പുരോഗമിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ പണികൾ വേഗത്തിൽ നടക്കാത്തതാണ് നാട്ടുകാരെ ദുരിതത്തിലാക്കുകയാണ് .
വീട്ടുകാരെ ദുരിതത്തിലാക്കി ഓടനിർമ്മാണം
1.20 സെന്റീമീറ്റർ പൊക്കത്തിലും 120 സെന്റീമീറ്റർ വീതിയിലുമാണ് ഓടകൾ നിർമ്മിക്കുന്നത്. സർവീസ് റോഡുകൾ നിർമ്മിക്കുന്നതിനുള്ള സ്ഥലം വിട്ടാണ് ഓടകളുടെ നിർമ്മാണം പുരോഗമിക്കുന്നത്. ഓച്ചിറ മുതൽ കന്നേറ്റി വരെയാണ് നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ദേശീയപാതക്ക് വേണ്ടി അക്വർ ചെയ്ത സ്ഥലത്തെ മണ്ണ് നീക്കിയതോടെ ഇവടെല്ലാം കുഴിയായി മാറി.
ഓടയുടെ ഇരുവശങ്ങളിലുമായി വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും നീണ്ട നിരയാണ് ഉള്ളത്. ഓടകൾ ഉയർന്നതോടെ വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറാൻ ആളുകൾ പെടാപ്പാട് പെടുകയാണ്. അപൂർവം സ്ഥാപനങ്ങൾ മാത്രം ഓടക്ക് മീതേ ഷീറ്റുകൾ കൊണ്ട് താത്കാലിക പാത ഉണ്ടാക്കിയിട്ടുണ്ട്. വീട്ടുകാരുടെ സ്ഥിതിയാണ് ഏറെ കഷ്ടം. നിലവിലുള്ള റോഡിന്റെ വശങ്ങളിലുള്ള താഴ്ചയും ഓടയുടെ പൊക്കവും കാരണം വാഹനങ്ങൾ വീട്ടിനുള്ളിലേക്ക് കടത്താൻ കഴിയാതെ വിഷമിക്കുകയാണ്. വിലകൂടിയ വാഹനങ്ങൾ മോഷ്ടാക്കളെ ഭയന്ന് പുറത്ത് ഇടാനും കഴിയുന്നില്ല.
ഓടകളുടെ നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് ഓടയുടെ മുകളിൽ സ്ലാബ് ഇടുകയും താഴ്ചയുള്ള ഭാഗങ്ങൾ ഗ്രാവലും മെറ്റിലും ഇട്ട് ഉയർത്തുകയും ചെയ്താൽ നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഇതിനാവശ്യമായ നടപടികൾ കരാറുകാരുടെയും ദേശീയപാത അധികൃതരുടെയും ഭാഗത്തു നിന്നും ഉണ്ടാകണം.
നാട്ടുകാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |