പത്തനാപുരം: കഷ്ടിച്ച് ഒന്നരമാസത്തെ ആശ്വാസത്തിനൊടുവിൽ പത്തനാപുരം വീണ്ടും പുലി ഭീതിയിൽ. ഇന്നലെ പുലർച്ചെ അഞ്ചരയ്ക്ക് പത്തനാപുരം കിഴക്കേഭാഗം തരിയൻതോപ്പ് കടവിനടുത്തുള്ള റേഷൻകടയ്ക്ക് സമീപം വഴിയാത്രക്കാരൻ പുലിയെ കണ്ടു. സംഭവ സമയത്ത് സ്ഥലത്ത് നിന്ന് മൃഗം ഓടിപ്പോകുന്ന ദൃശ്യം നിരീക്ഷണ കാമറയിൽ നിന്ന് ലഭിച്ചു.
കഴിഞ്ഞദിവസം പുലർച്ചെ കിഴക്കേഭാഗത്തിന് സമീപത്ത് വച്ച് ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടതായി പറയുന്നുണ്ട്. അടുത്തുള്ള ദിവസങ്ങളിൽ തൊട്ടടുത്തുള്ള പ്രദേശങ്ങളിലെ വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ചതായും പരാതിയുണ്ട്. ഒന്നരമാസം മുമ്പുള്ള ഒരുമാസക്കാലം പത്തനാപുരം ഫാമിംഗ് കോർപ്പറേഷൻ പ്ലാന്റേഷനോട് ചേർന്നുള്ള പ്രദേശത്ത് പുലി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അന്ന് രണ്ട് പുലികളെ വനം വകുപ്പ് അധികൃതർ കണ്ടിരുന്നു. ഇതിൽ ഒരു പുലിയെ പിന്നീട് പിടികൂടിയിരുന്നു. അന്ന് പിടിയിലാകാത്ത പുലിയാകാം ഇപ്പോൾ ചുറ്റിക്കറങ്ങുന്നതെന്നാണ് സംശയം.
കടയ്ക്കാമൺ വനത്തിൽ നിന്നോ സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ തോട്ടത്തോട് ചേർന്നുള്ള വനത്തിൽ നിന്നോ പുലി എത്തുന്നതാകാമെന്നാണ് സംശയം. ഇന്നലെ വനംവകുപ്പ് അധികൃതർ പുലി ഒളിച്ചിരിക്കാൻ സാദ്ധ്യതയുള്ള കാടുമൂടിയ സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തി. പ്രദേശത്ത് കല്ലടയാറിന്റെ തീരത്ത് മുളങ്കാടുകളും ഇഞ്ചക്കാടുകളുമുണ്ട്. പകൽനേരത്ത് പുലി അവിടെ ഒളിച്ചിരിക്കുകയാണോയെന്ന് സംശയമുണ്ട്.
നിരീക്ഷിക്കാൻ കാമറ
കിഴക്കേഭാഗത്ത് രണ്ടിടങ്ങളിൽ ഇന്നലെ വനം വകുപ്പ് കാമറ സ്ഥാപിച്ചു. പുലി സാന്നിദ്ധ്യം സ്ഥിരീകരിക്കാൻ ഇന്ന് മുതൽ കാമറ ദൃശ്യങ്ങൾ പരിശോധിക്കും.
പുലിയെ കണ്ടതായി പറയുന്ന ഭാഗത്ത് പരിശോധന നടത്തിയെങ്കിലും കാൽപ്പാടുകളൊന്നും ലഭിച്ചിട്ടില്ല. ഈ സ്ഥലത്ത് നിന്ന് അര കിലോമീറ്റർ അകലെയാണ് കടയ്ക്കാമൺ വനം. അവിടെ പുലിയുടെ സാന്നിദ്ധ്യമുണ്ട്. ഒന്നരമാസം മുമ്പ് പുലിയെ പിടികൂടിയ സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ പ്ലാന്റേഷനും അര കിലോമീറ്ററിനുള്ളിലാണ്.
ബി. ഗിരി, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ,
പുന്നല ഫോറസ്റ്റ് സ്റ്റേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |