കൊല്ലം: കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട്‌കേസിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം മെഡിക്കൽ പഠനത്തിന് ഉപയോഗിച്ചതാണെന്ന് ഫോറൻസിക് സംഘത്തിന്റെ വിലയിരുത്തൽ. ശരദമഠം സിഎസ്ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപമാണ് അസ്ഥികൂടം കണ്ടെത്തിയത്. പള്ളി സെമിത്തേരിയോട് ചേർന്ന് പെെപ്പിടാൻ കുഴിയെടുക്കുന്നതിനിടെയാണ് മണ്ണിൽ കുഴിച്ചിട്ട നിലയിൽ സ്യൂട്ട്‌കേസ് കണ്ടെത്തുന്നത്. പള്ളിയിലെ ജീവനക്കാരാണ് ഇത് ആദ്യം കാണുന്നത്.
അവർ ഈ സ്യൂട്ട്‌കേസ് തുറന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ദ്രവിച്ച് തുടങ്ങിയ അവസ്ഥയിലാണ് അസ്ഥികൂടം. തുടർന്നാണ് ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്.
അസ്ഥികൂടം മെഡിക്കൽ പഠനത്തിന് ഉപയോഗിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇടുപ്പ് എല്ലിൽ എച്ച് എന്നും കാലിന്റെ എല്ലിൽ ഒ എന്നും രേഖപ്പെടുത്തിയിട്ടുള്ളതായി ഫോറെൻസിക് പരിശോധനയിൽ കണ്ടെത്തി. നട്ടെല്ലിന്റെ ഭാഗങ്ങൾ ചുവപ്പ് കയർ ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലുമാണ്. സ്യൂട്ട്‌കേസിൽ നിന്നും ആശുപത്രിയിൽ ഉപയോഗിക്കുന്ന കത്രികയും ചോക്കും ലഭിച്ചിട്ടുണ്ട്.
പള്ളി വളപ്പിൽ പെട്ടി എങ്ങനെ വന്നുഎന്നത് കണ്ടെത്താൻ പൊലീസ് സിസിടിവി ഉൾപ്പടെ പരിശോധിക്കുന്നുണ്ട്. നഗരത്തിന്റെ നടുവിലായാണ് ശരദമഠം സിഎസ്ഐ പള്ളി സ്ഥിതി ചെയ്യുന്നത്. അതിനാൽ തിരക്കുള്ള പ്രദേശം കൂടിയാണിത്. രാത്രിയും ആൾക്കാർ ഉണ്ടാകുന്ന സ്ഥലം. അതിനാൽ വർഷങ്ങൾക്ക് മുൻപ് കുഴിച്ചിട്ടതാകാമെന്ന നിഗമത്തിലാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |