കൊല്ലം: സ്കൂൾ തുറപ്പിന്റെ തലേന്നാൾ പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് ക്ഷണിച്ചപ്പോൾ ഭദ്രാ ഹരിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവ ഗാനത്തിന്റെ രചയിതാവ് എന്ന നിലയിൽ വിവിധ ഇടങ്ങളിൽ നിന്നുള്ള അനുമോദനങ്ങൾ ഏറ്റുവാങ്ങുന്ന കൂട്ടത്തിൽ ഒന്നാകുമെന്നേ നിനച്ചുള്ളു.
സ്കൂൾ മുറ്റത്ത് ഒരുകൂട്ടം വിദ്യാർത്ഥികൾ അവധിക്കാലത്തുണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. ഇത്തിരിനേരംകൊണ്ട് അവരോടൊക്കെ കൂട്ടുകൂടി, അപ്പോഴേക്കും ഉച്ചഭാഷിണിയിൽ പ്രവേശനോത്സവ ഗാനമെത്തി. അതുവരെ വർത്തമാനം പറഞ്ഞ് കൂടെ നിന്നവരൊക്കെ നിമിഷനേരം കൊണ്ട് നർത്തകിമാരായി.
'മഴമേഘങ്ങൾ പന്തലൊരുക്കിയ
പുതുവർഷത്തിൻ പൂന്തോപ്പിൽ
കളിമേളങ്ങൾ വർണം വിതറിയൊ-
രവധിക്കാലം മായുന്നു..." പാട്ടിനൊത്ത് അവർ ആവേശത്തോടെ ചുവടുവച്ചപ്പോൾ ഭദ്രാ ഹരിക്ക് ഇരട്ടി സന്തോഷം. പിന്നെ പാട്ടുപാടിക്കൊണ്ട് അവർക്കൊപ്പം കൂടി. സ്കൂളിലെ ഒൻപതാം ക്ളാസിലെ 35 കുട്ടികളാണ് പ്രവേശനോത്സവ ഗാനത്തിനൊപ്പം ചുവടുവച്ചത്. ഇന്നലെ ഫൈനൽ റിഹേഴ്സലായിരുന്നു. അതിനിടയിലേക്കാണ് ഭദ്രാ ഹരിയെ അദ്ധ്യാപകൻ ബി.പ്രദീപ് ക്ഷണിച്ചുവരുത്തിയത്. സ്കൂളിന്റെ വക അനുമോദനവും നൽകി.
താമരക്കുടി എസ്.വി.വി.എച്ച്.എസിലെ പത്താം ക്ളാസ് വിദ്യാർത്ഥിനിയായിരുന്നു ഭദ്രാ ഹരി. നൂറ്റിമുപ്പത് വർഷത്തെ പാരമ്പര്യമുള്ള പുത്തൂരിലെ ഈ സർക്കാർ വിദ്യാലയത്തിൽ എല്ലാ വർഷവും പ്രവേശനോത്സവ ഗാനത്തിന് നൃത്താവിഷ്കാരം നൽകാറുണ്ടെന്ന് പ്രഥമാദ്ധ്യാപിക എസ്.ലിനി പറഞ്ഞു. കഴിഞ്ഞവർഷം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്തതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. അഷ്ന ആന്റണി, എസ്.സുനില എന്നിവരാണ് നൃത്തപരിശീലകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |