കൊല്ലം: മദ്ധ്യവേനലവധിക്ക് വിട നൽകി സ്കൂളുകൾ ഇന്ന് തുറക്കും. പ്രവേശനോത്സവത്തോടെ പാട്ടും കളിചിരികളുമായി നവാഗതരെ വരവേൽക്കാൻ ജില്ലയിലെ വിദ്യാലയങ്ങളും ഒരുങ്ങി. ജില്ലാ - ഉപജില്ലാ - സ്കൂൾ തലത്തിൽ പ്രവേശനോത്സവം നടക്കും. ജനകീയ പങ്കാളിത്തത്തോടെയാണ് ഇത്തവണ പ്രവേശനോത്സവം.
ചെറിയ ക്ലാസിലെ കുട്ടികളെ വരവേൽക്കാൻ ക്ലാസ് മുറിയാകെ കാർട്ടൂൺ കഥാപാത്രങ്ങളും ഇടംപിടിച്ചു. പുതിയ പാഠപുസ്‌തകങ്ങളിലെ ആശയങ്ങൾ ഉൾക്കൊള്ളിച്ചുള്ള ചിത്രങ്ങൾ വരച്ചും ബലൂണും തോരണങ്ങളുമൊക്കെയായി പ്രവേശനോത്സവം കളറാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.
ജില്ലാ - ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിൽ സ്കൂളുകളിലെ ഒരുക്കങ്ങളുടെ പരിശോധന പൂർത്തിയാക്കി. അദ്ധ്യയനം തുടങ്ങുന്നതിന് മുമ്പ് കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് നേടണമെന്ന് സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ജില്ലയിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ ഇല്ലെന്നാണ് വിലയിരുത്തൽ.
ജില്ലാതല പ്രവേശനോത്സവം
കൊട്ടാരക്കരയിൽ
ഇന്ന് രാവിലെ 9.30ന് ഗവ. എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസിൽ നടക്കുന്ന ജില്ലാ തല പ്രവേശനോത്സവം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കൊട്ടാരക്കര നഗരസഭ ചെയർമാൻ അഡ്വ. കെ.ഉണ്ണിക്കൃഷ്ണമേനോൻ അദ്ധ്യക്ഷനാകും. മന്ത്രി ജെ.ചിഞ്ചുറാണി പാഠപുസ്തക വിതരണ ഉദ്ഘാടനം ചെയ്യും. യൂണിഫോം വിതരണ ഉദ്ഘാടനം മന്ത്രി കെ.ബി.ഗണേശ് കുമാർ നിർവഹിക്കും. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളാവും. പ്രവേശനോത്സവ സന്ദേശം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ നൽകും. എം.എൽ.എമാരായ പി.എസ്.സുപാൽ, എം.നൗഷാദ്, എം.മുകേഷ്, ഡോ. സുജിത്ത് വിജയൻ പിള്ള, ജി.എസ്.ജയലാൽ, കോവൂർ കുഞ്ഞുമോൻ, പി.സി.വിഷ്ണുനാഥ്, സി.ആർ.മഹേഷ്, ജില്ലാ കളക്ടർ എൻ.ദേവിദാസ്, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ തുടങ്ങിയവർ പങ്കെടുക്കും.
ജില്ലയിൽ വിതരണം ചെയ്ത പുസ്തകങ്ങൾ
18.10 ലക്ഷം
ആകെ വേണ്ടത്
24.31 ലക്ഷം
സൊസൈറ്റികൾ
292
വിതരണം ആരംഭിച്ചത്
മാർച്ച് 11ന്
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ സ്കൂൾ തുറക്കാതിരിക്കേണ്ട സാഹചര്യമില്ല. കുട്ടികളെ വരവേൽക്കാൻ സ്കൂളുകൾ പൂർണ സജ്ജമാണ്.
കെ.ഐ.ലാൽ
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |