ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് റേഡിയേഷൻ ലീവിൽ
കൊല്ലം: ജില്ലാ ആശുപത്രിയിൽ വർക്കിംഗ് അറേഞ്ച്മെന്റിൽ നിയമിക്കപ്പെട്ട ഏക ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് റേഡിയേഷൻ ലീവിൽ പോയതോടെ ആശുപത്രിയിലെ കാത്ത് ലാബ് അടഞ്ഞു. ജില്ലാ ആശുപത്രിയിൽ ഇന്റർവെൻഷൻ കാർഡിയോളജിസ്റ്റ് തസ്തിക സർക്കാർ അനുവദിക്കാത്തതാണ് പ്രതിസന്ധി ഉണ്ടാക്കിയത്.
കാത്ത് ലാബിൽ ഒരു ദിവസം അഞ്ചിലധികം ആൻജിയോഗ്രാമും രണ്ടോ മൂന്നോ ആൻജിയോപ്ലാസ്റ്റിയും നടന്നിരുന്നതാണ്. ഇങ്ങനെ ഒരുമാസം നൂറിലധികം രോഗികൾക്കാണ് കാത്ത് ലാബ് ആശ്വാസമേകിയിരുന്നത്. സ്വകാര്യ ആശപുത്രിയിൽ പോകാൻ പണമില്ലാത്ത പാവങ്ങളാണ് നെഞ്ചുവേദന വരുമ്പോൾ ഇവിടേക്ക് ഓടിയെത്തിയിരുന്നത്. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ജില്ലാ ആശുപത്രിയിൽ ഇതുവരെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റിന്റെ തസ്കികയില്ല. ആകെയുള്ള ഡോക്ടർ റേഡിയേഷൻ ലീവിൽ പോകുമ്പോൾ കാത്ത് ലാബ് അടയാതിരിക്കാൻ ഒരു ഡോക്ടറെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ല.
കാർഡിയോളജി ഒ.പിയിൽ ക്യു
ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റിന് പുറമേ ജില്ലാ ആശുപത്രിയിൽ കാർഡിയോളജിസ്റ്റിന്റെ തസ്തികയുമില്ല. പി.ജിയുള്ള മെഡിസിൻ കൺസൾട്ടന്റിന്റെയും എൻ.എച്ച്.എം മുഖേന നിയമിച്ച കാർഡിയോളജിസ്റ്റിന്റെയും നേതൃത്വത്തിലാണ് ഇവിടെ കാർഡിയോളജി ഒ.പി നടത്തിയിരുന്നത്. കാർഡിയോളജി ഒ.പിക്ക് നേതൃത്വം നൽകിയിരുന്ന മെഡിസിൻ കൺസൾട്ടന്റിനെ അടുത്തിടെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ കാർഡിയോളജി ഒ.പിയിലെത്തുന്ന മുന്നൂറിലധികം രോഗികളെ ആകെയുള്ള ഒരു ഡോക്ടർ നോക്കേണ്ട അവസ്ഥയാണ്.
റേഡിയേഷൻ ലീവ്
കാത്ത് ലാബിൽ ജോലി ചെയ്യുന്ന ഡോക്ടർ ഉൾപ്പെടെയുള്ളവർക്ക് റേഡിയേഷൻ സാദ്ധ്യതയുണ്ട്. അതിനാൽ നിശ്ചിത ദിവസത്തെ ജോലിക്ക് ശേഷം ഇവർക്ക് ലീവ് അനുവദിക്കുന്നതിനെയാണ് റേഡിയേഷൻ ലീവ് എന്നു പറയുന്നത്.
കാർഡിയോളജി ഒ.പിക്ക് നേതൃത്വം നൽകിയിരുന്ന ഡോക്ടർ വൈകാതെ മടങ്ങിവരും. ആഴ്ചയിൽ നാല് ദിവസം ജില്ലാ ആശുപത്രിയിലും രണ്ട് ദിവസം പുനലൂർ താലൂക്ക് ആശുപത്രിയിലും എന്ന ക്രമീകരണത്തിൽ ഡോക്ടറുടെ സ്ഥലം മാറ്റം പുനക്രമീകരിക്കും
ജില്ലാ ആശുപത്രി അധികൃതർ
സ്ഥിരം ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റില്ല
സ്ഥിരം കാർഡിയോളജിസ്റ്റില്ല
കാർഡിയോളജി ഒ.പിയിൽ വൻ ക്യു
പ്രതിദിനം എത്തുന്നത് 300- 400 പേർ
കരാർ അടിസ്ഥാനത്തിൽ ഒരു കാർഡിയോളജിസ്റ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |