കൊല്ലം: കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച കേസിൽ യഥാർത്ഥ പ്രതികൾ വെറെയെന്ന് പരാതിക്കാരനും പ്രതിചേർക്കപ്പെട്ടവരും സംയുക്ത പത്രസമ്മേളനത്തിൽ വ്യക്തമാക്കി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ യദുകൃഷ്ണൻ, അരുൺ രാജേന്ദ്രൻ, ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ എന്നിവരെ പ്രതിചേർത്താണ് സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജുവിന്റെ പരാതിയിൽ ഇരവിപുരം പൊലീസ് കേസെടുത്തിരുന്നത്.
കോടതിയിൽ സമർപ്പിച്ച സി.എം.പി പ്രകാരമാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. 2024 ഡിസംബർ 9ന് ആഷിക്കിനെ വിളിച്ച് പരസ്ത്രീ ബന്ധം ആരോപിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത്. എന്നാൽ ജില്ലയിൽ നിന്നുള്ള കെ.എസ്.യുവിന്റെ ഒരു ഭാരവാഹിയാണ് യഥാർത്ഥ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് ഇപ്പോൾ ആഷിക് ബൈജു ഉൾപ്പെടെ വ്യക്തമാക്കിയത്. സംഘടനയിലെ ഈ ഭാരവാഹി സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരിയായ ഒരു വനിതയെ ഉപയോഗിച്ച് ആഷിക് ബൈജുവിനെതിരെ വോയ്സ് ക്ളിപ്പ് തയ്യാറാക്കി നേതാക്കൾക്ക് അയയ്ക്കുകയായിരുന്നു. മുൻ വൈരാഗ്യത്തിന്റെ പേരിലാണ് ഇതുണ്ടായത്. ഇതിനെതിരെ പൊലീസിൽ വീണ്ടും പരാതി നൽകും. ആഷിക് ബൈജു അപമര്യാദയായി പെരുമാറിയെന്ന തരത്തിൽ സ്ത്രീയുടെ വോയിസ് ക്ളിപ്പ് ലഭിച്ചതോടെ അരുൺ രാജേന്ദ്രൻ സംസ്ഥാന പ്രസിഡന്റിന് അയച്ചുകൊടുക്കുകയായിരുന്നു. പരാതിപ്പെട്ട സ്ത്രീ പൊലീസിനെ സമീപിക്കട്ടെ എന്ന നിലപാടാണ് സംഘടന തീരുമാനിച്ചത്. എന്നാൽ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്താതെ ഇതേ വോയിസ് അരുൺ രാജേന്ദ്രൻ ആഷിക് ബൈജുവിന് അയച്ചുകൊടുത്തതോടെയാണ് തെറ്റിദ്ധരിക്കപ്പെട്ടത്. എന്നാൽ വോയ്സ് നൽകിയ സ്ത്രീയെയും അതിന്റെ കാരണക്കാരനെയും ബോദ്ധ്യപ്പെട്ടതിനാൽ മുഴുവൻ വിവരങ്ങളും പൊലീസിന് കൈമാറും. നിലവിൽ യദുകൃഷ്ണനടക്കം മൂന്നുപേരെ പ്രതിചേർത്തുള്ള കേസ് റദ്ദാക്കാനായി കോടതിയെ സമീപിക്കുമെന്നും ആഷിക് ബൈജു, യദുകൃഷ്ണൻ, അരുൺ രാജേന്ദ്രൻ, അൻവർ സുൽഫിക്കർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |