കൊല്ലം: മഴയിലും കാറ്റിലും ജില്ലയിൽ ഇന്നലെ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. പട്ടാഴി, പത്തനാപുരം എന്നിവിടങ്ങളിലാണ് വീടുകൾ തകർന്നത്. രാവിലെ മുതൽ കിഴക്കൻ മേഖലയിലടക്കം മഴ ശക്തമായിരുന്നു. വിവിധയിടങ്ങളിൽ മരക്കൊമ്പുകൾ ഒടിഞ്ഞു വീണും മരങ്ങൾ കടപുഴകിയും ഗതാഗതം തടസപ്പെട്ടു.
കിഴക്കേകല്ലട തെക്കേമുറിയിൽ രാവിലെ റോഡിലേക്ക് തെങ്ങ് വീണ് ഗതാഗതം തടസപ്പെട്ടു. വൈകിട്ട് 7.15 ഓടെ കൊല്ലം പോളയത്തോട് ശ്മശാനത്തിന് സമീപത്ത് നിന്ന മരത്തിന്റെ ചില്ലകൾ റെയിൽവേ ലൈനിലേക്ക് ഒടിഞ്ഞുവീണു. ചെങ്കോട്ട അച്ചൻകോവിൽ കാനനപാതയിൽ മണലാറിന് സമീപം മരം വീണു. മഴ കനത്തതോടെ ദേശീയപാതയിലടക്കം മിക്ക റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ചിന്നക്കട ബസ് ബേയ്ക്ക് സമീപത്തെ വീടുകളിൽ വെള്ളം കയറി. മഴ കനത്തതോടെ കൊല്ലം പള്ളിക്കൽ നദിയിലെ ജലനിരപ്പ് ഉയർന്നു. നിലവിൽ ക്യാമ്പ് തുടങ്ങേണ്ട സാഹചര്യം എങ്ങും ഇല്ലെന്ന് അധികൃതർ അറിയിച്ചു.
നാല് ദിവസമായി ജില്ലയിൽ കിഴക്കൻ മേഖല ഉൾപ്പടെ വിവിധയിടങ്ങളിൽ കനത്ത മഴയാണ്. ജൂണിൽ ഇതുവരെ ജില്ലയിൽ പെയ്തിറങ്ങിയത് അധികമഴ. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം സംസ്ഥാനത്തെ മറ്റു ജില്ലകളിൽ കാലവർഷത്തിൽ ലഭിച്ച മഴയുടെ അളവിൽ താരതമ്യേന കുറവുണ്ടായപ്പോൾ ആലപ്പുഴയിലും കൊല്ലത്തുമാണ് ഇന്നലെ വരെ അധികമഴ ലഭിച്ചിരിക്കുന്നത്.
ഉയർന്ന തിരമാല
ഉയർന്ന തിരമാല മുന്നറിയിപ്പുള്ള (ഓറഞ്ച് അലർട്ട്) പശ്ചാത്തലത്തിൽ ജാഗ്രത വേണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ കൂടിയായ കളക്ടർ എൻ.ദേവിദാസ് മുന്നറിയിപ്പ് നൽകി. ആലപ്പാട് മുതൽ ഇടവ വരെ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.
വേണം ജാഗ്രത
കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണം
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാദ്ധ്യത
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഒഴിവാക്കണം
മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം
വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിച്ച് കൂട്ടിയിടി സാദ്ധ്യത ഒഴിവാക്കണം
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |