കൊല്ലം: "യൂണിവേഴ്സിറ്റിയുടെ പരിസരത്ത് ഷെല്ല് പതിച്ച് കെട്ടിടത്തിന്റെ ചില്ലുകളെല്ലാം തകർന്നു" ഇസ്രായേൽ - ഇറാൻ യുദ്ധത്തിന്റെ ഞെട്ടിക്കുന്ന ഓർമ്മകളിൽ നിന്ന് ഇനിയും മോചിതയായിട്ടില്ല രജിത. കൊല്ലം ഉളിയക്കോവിൽ ഋഷിപ്രസാദത്തിൽ രാജഗോപാലിന്റെ മകൾ രജിത രണ്ടര വർഷമായി ഇസ്രായേലിലാണ്. ടെൽ അവീവിൽ നിന്ന് 20 മിനിറ്റ് സഞ്ചാരിച്ചാൽ എത്തുന്ന റഹോവത്ത് വൈസ് മെൻ യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി വിദ്യാർത്ഥിനിയാണ്. യുദ്ധത്തിന്റെ ആദ്യ നാളുകളിലെ ആശങ്കകളും ഭീതിയുമെല്ലാം ഒരുപരിധിവരെ ഒഴിവാക്കാൻ സാധിച്ചത് യൂണിവേഴ്സിറ്റിയുടെ ഇടപെടലിലൂടെയാണ്. വിദ്യാർത്ഥികളെ പെട്ടന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. യുദ്ധത്തിന്റെ ബുദ്ധിമുട്ടുകളൊന്നും പെട്ടന്ന് എത്താത്ത ഇടമായതുകൊണ്ട് തന്നെ സൈറൺ കേൾക്കില്ല. ചില സമയങ്ങളിലല്ലാതെ ബാങ്കറിനുള്ളിൽ കഴിയേണ്ടിവന്നതും ഇല്ല. നാട്ടിൽ നിന്ന് വിളിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും വളരെ ടെൻഷനിലായിരുന്നു. അവരെ ആശ്വസിപ്പിക്കുന്നതായിരുന്നു ഏറെ ബുദ്ധിമുട്ടെ രജിത പറയുന്നു. ഇന്നലെ വൈകിട്ടോടെയാണ് രജിത നാട്ടിലെത്തിയത്. യുദ്ധ ഭീതിയെല്ലാം ഒഴിഞ്ഞ സ്ഥിതിക്ക് വീണ്ടും മടങ്ങിപ്പോയി പഠനം തുടരാനാണ് രജിതയുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |