കൊല്ലം: മഴയുടെ ശക്തി തെല്ല് ശമിച്ചെങ്കിലും കുറവില്ലാതെ തുടരുന്ന വെള്ളക്കെട്ട് നഗരപ്രദേശങ്ങളിലടക്കം എലിപ്പനി ഭീതി ഉയർത്തുന്നു. ഈ മാസം 27 വരെ 20 പേരാണ് എലിപ്പനി സ്ഥിരീകരിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സയിലുള്ളത്. പെരിനാട്, ചവറ, തഴവ, പാരിപ്പള്ളി (3), വാടി (2), തലച്ചിറ, ഉളിയക്കോവിൽ, മൈനാഗപ്പള്ളി (2), തൃക്കടവൂർ, കരവാളൂർ, ചടയമംഗലം (2), തൊടിയൂർ, ചിതറ മാങ്കോട്, കുളക്കട, ചാത്തന്നൂർ എന്നിങ്ങനെയാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഈ മാസം ഒരു എലിപ്പനി മരണവും ജില്ലയിൽ റിപ്പോർട്ട് ചെയ്തു.
പെരിനാട് സ്വദേശിയായ 56 വയസുകാരിയാണ് കഴിഞ്ഞ 24ന് എലിപ്പനി ബാധിച്ച് മരിച്ചത്. ഇടവിട്ടുള്ള മഴയിലുണ്ടായ വെള്ളക്കെട്ടാണ് പ്രധാനമായും എലിപ്പനി കേസുകൾ ഉയർത്തിയത്. ഏത് പനിയും എലിപ്പനിയാകാം. അതിനാൽ പനി വന്നാലുടൻ ആശുപത്രിയിൽ ചികിത്സ തേടണം.
കൈകാലുകളിൽ മുറിവുണ്ടെങ്കിലോ വീട്ടിൽ മൃഗങ്ങൾ ഉണ്ടെങ്കിലോ അക്കാര്യം ഡോക്ടറെ അറിയിക്കണം. സ്വയം ചികിത്സ ജീവഹാനിക്കുവരെ കാരണമാകും. രക്ഷാപ്രവർത്തനം നടത്തുന്നവർ, കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, കൃഷി, കന്നുകാലി വളർത്തൽ എന്നീ മേഖലകളിൽ പണിയെടുക്കുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.
കരുതൽ വേണം
മലിനജല സമ്പർക്കത്തിലൂടെ രോഗവ്യാപനം
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങരുത്
ജലത്തിലിറങ്ങുന്നവർ മുൻകരുതൽ സ്വീകരിക്കണം
മുറിവിലൂടെയും മറ്രും അണുക്കൾ പ്രവേശിക്കും
ഡോക്‌സിസൈക്ലിൻ ഗുളിക നിർദ്ദേശാനുസരണം കഴിക്കണം
ജീവിതശൈലി രോഗമുള്ളവർക്കും ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കാം
പ്രാരംഭ ലക്ഷണം
പനി
പേശിവേദന
തലവേദന
വയറുവേദന
ഛർദ്ദി
കണ്ണ് ചുവപ്പ്
രോഗം മൂർച്ഛിച്ചാൽ
കരൾ, വൃക്ക, തലച്ചോർ, ശ്വാസകോശം എന്നിവയെ ബാധിക്കും
രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം. സ്വയം ചികിത്സ അരുത്.
ആരോഗ്യ വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |