കൊല്ലം: നിർമ്മാണോദ്ഘാടനം നടന്ന് നാലേകാൽ വർഷം പിന്നിട്ടിട്ടും പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ട്രോമാകെയർ സെന്റർ നിർമ്മാണം ഇതുവരെ ആരംഭിച്ചില്ല. തട്ടിക്കൂട്ട് സൗകര്യങ്ങളൊരുക്കാനുള്ള നീക്കത്തിനെതിരെ ആശുപത്രിയിലെ ഡോക്ടർമാർക്കിടയിൽ നിന്ന് എതിർപ്പുയർന്നതോടെയാണ് നിർമ്മാണത്തിനുള്ള നടപടികൾ സ്തംഭിച്ചത്.
കാഷ്വാലിറ്റി ബ്ലോക്കിന് മുന്നിൽ അഞ്ചുകോടി രൂപ ചെലവിൽ രണ്ടുനില കെട്ടിടം നിർമ്മിക്കാനായിരുന്നു അദ്യ പദ്ധതി. ഇതുപ്രകാരം 2021 ഫെബ്രുവരിയിൽ അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജയാണ് നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. പിന്നീട് അഞ്ചുനില കെട്ടിടമാക്കാൻ കൂടുതൽ ബലമുള്ള അടിസ്ഥാനവും ഒരു നിലയും കൂടി നിർമ്മിക്കാൻ 3.10 കോടി കൂടി അനുവദിച്ചു. എന്നാൽ പൂർണ തോതിൽ ട്രോമാ കെയർ സെന്റർ പ്രവർത്തിപ്പിക്കാൻ 11 നില കെട്ടിടമെങ്കിലും വേണമെന്ന ആവശ്യം ഉയർന്നതോടെ നടപടികൾ നിലയ്ക്കുകയായിരുന്നു.
വില്ലൻ പുതിയ തസ്തിക സൃഷ്ടിക്കൽ
കെട്ടിട നിർമ്മാണം, ഉപകരണങ്ങൾ എന്നിവയ്ക്കുള്ള പണത്തിനപ്പുറം പുതിയ തസ്തികകൾ സൃഷ്ടിക്കേണ്ടി വരും
ഡോക്ടർമാർ സഹിതം കുറഞ്ഞത് 250 പേരെ നിയമിക്കേണ്ടിവരും
എങ്കിലേ ഫലപ്രദമായി ട്രോമാ കെയർ സെന്റർ പ്രവർത്തിപ്പിക്കാനാകൂ
ഇതാണ് ട്രോമാ കെയർ സെന്റർ വൈകാൻ കാരണം
ചോര കണ്ടാൽ റഫർ ചെയ്യും
അപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് ജീവൻ നിലനിറുത്താനുള്ള സുവർണ നിമിഷങ്ങൾ പാഴാക്കാതെ ചികിത്സ ലഭ്യമാക്കുന്ന കേന്ദ്രമാണ് ട്രോമ കെയർ സെന്റർ. പരിക്കേൽക്കുന്നവരെ വേഗത്തിലെത്തിക്കാൻ കഴിയുന്ന തരത്തിൽ ദേശീയപാത ഓരത്തുള്ള മെഡിക്കൽ കോളേജായിട്ടും ട്രോമാ കെയർ സൗകര്യമില്ലാത്തത് പാരിപ്പള്ളി മെഡിക്കൽ കോളേജിന് വലിയ നാണക്കേടാണ്. ചോര കണ്ടാൽ റഫർ ചെയ്യുമെന്നാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിനെതിരെ വ്യാപകമായുള്ള ആക്ഷേപം.
ട്രോമാ കെയർ സെന്ററിൽ
ഓർപ്പറേഷൻ തീയേറ്ററുകൾ
ഐ.സി.യുകൾ
പ്രൊസീജിയർ റൂമുകൾ
വേണ്ട സ്പെഷ്യലിസ്റ്റുകൾ
ന്യൂറോ സർജറി
ഓർത്തോ
കാർഡിയോ തൊറാസിക് സർജറി
സർജിക്കൽ ഗാസ്ട്രോ
യൂറോ സർജറി
പ്ലാസ്റ്റിക് സർജറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |