കൊല്ലം: കേരളത്തിലെ സോളാർ വ്യവസായികളിൽ, പച്ചപിടിക്കും മുമ്പേ തകരുമെന്ന ആശങ്ക സൃഷ്ടിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ പുതിയ സോളാർ കരട് നയം. നിലവിൽ സാധാരണക്കാരായ സോളാർ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പല ആനുകൂല്യങ്ങളും നിഷേധിക്കുന്ന കരട് നയത്തിലെ നിർദ്ദേശങ്ങളാണ് പ്രശ്നം.
സോളാർ ഉപഭോക്താക്കൾ ഉത്പാദിപ്പിച്ച് നൽകുന്ന വൈദ്യുതിക്ക് പകരം തിരിച്ച് കെ.എസ്.ഇ.ബി വൈദ്യുതി നൽകുന്ന നയം മാറ്റി ഉത്പാദകർക്ക് കൊടുക്കുന്ന വൈദ്യുതിക്ക് കുറഞ്ഞ വിലയും കെ.എസ്.ഇ.ബിയിൽ നിന്നെടുക്കുന്ന വൈദ്യുതിക്ക് ഉയർന്ന വിലയും ഈടാക്കാനുള്ള നീക്കമാണ് പ്രധാനപ്രശ്നം. നിലവിൽ മൺസൂൺ ഇതര മാസങ്ങളിൽ അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി മൺസൂൺ കാലത്ത് പ്രയോജനപ്പെടുത്താം.
മാസം തോറും ബിൽ കണക്കാക്കാനുള്ള നീക്കം ഉപഭോക്താക്കൾക്ക് വലിയ നഷ്ടം സൃഷ്ടിക്കും. മൺസൂൺ ഇതര കാലത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് കുറഞ്ഞ വിലയേ ലഭിക്കൂ. മൺസൂൺ കാലത്ത് കൂടുതൽ വില നൽകി വൈദ്യുതി വാങ്ങേണ്ടി വരും.
ചെറുകിട കച്ചവടക്കാർ അവരുടെ വീട്ടിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി അവരുടെ കടകളിൽ ഉപയോഗിക്കാവുന്ന വീലിംഗ് സംവിധാനത്തിന് പുതുതായി അനുമതി നൽകേണ്ടെന്ന രഹസ്യ നിർദ്ദേശവും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്നും സോളാർ വ്യവസായികൾ ആരോപിക്കുന്നു.
സോളാർ കരട് നയം തിരിച്ചടി
പുതിയ നയം നിലവിൽ വന്നാൽ ഉപഭോക്താവിന് നിലവിൽ ചെലവാകുന്ന തുകയുടെ ഇരട്ടി മുതൽ മുടക്കേണ്ടിവരും
സാമ്പത്തിക നേട്ടമില്ലാതെ ഉപഭോക്താക്കൾ പിന്മാറും
തകരുന്നത് കേരളത്തിലെ 5000 കോടിയുടെ സോളാർ വ്യവസായം
സർക്കാരിന് നഷ്ടം 500 കോടിയുടെ ജി.എസ്.ടി
1000 കോടി സബ്സിഡി നഷ്ടം
സോളാറിനോടുള്ള താല്പര്യം കേരളത്തിൽ കുറഞ്ഞാൽ പ്രധാനമന്ത്രി സൂര്യഘർ പദ്ധതിയിലൂടെ കേരളത്തിലേക്ക് എത്തേണ്ട ആയിരം കോടി രൂപയുടെ സബ്സിഡിയും നഷ്ടമാകും.
കരട് നയത്തിനെതിരെ സോളാർ മേഖലയിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിന് ജീവനക്കാരും സോളാർ ഉപഭോക്താക്കളും ഇന്ന് തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും.
സോളാർ വ്യവസായികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |