കൊല്ലം: 'കണ്ണോട് കണ്ണായിടാം, മെയ്യോടു മെയ്യായിടാം...' കൊല്ലം ഫാത്തിമാ മാതാ കോളേജിലേക്കു വലതുകാൽ വച്ച് കടക്കവേ, അസ്ന നിസാമിന്റെ മനസിൽ തിങ്ങിനിറഞ്ഞു നിന്ന പാട്ടുമഴ ചാറ്റൽ പോലെ ചിലമ്പിത്തുടങ്ങി. വാപ്പ നിസാമുദ്ദീനൊപ്പം കലാലയാങ്കണത്തിലൂടെ നടക്കവേ അവൾ പറഞ്ഞു, വാപ്പാ... എനിക്കിവിടെ ഒത്തിരി പാടണം, ഒത്തിരി കൂട്ടുകാരെ കൂടെക്കൂട്ടണം... എന്നും മകളുടെ പാട്ടുകൾക്ക് പ്രോത്സാഹനമായ നിസാമുദ്ദീൻ മകളെ ചേർത്തുപിടിച്ച് നടത്തം തുടർന്നു.
റിയാലിറ്റി ഷോകളിലൂടെ മലയാള സംഗീത പ്രേമികൾക്കെല്ലാം അസ്ന നിസാമിനെ അറിയാം. കരുനാഗപ്പള്ളി ഗവ.ബോയ്സ് സ്കൂളിൽ പഠിച്ച് പ്ളസ് ടുവിന് ഫുൾ എ പ്ളസ് നേടിയിരുന്നു. തുടർന്നാണ് ഇംഗ്ളീഷ് സാഹിത്യം മെയിനെടുത്ത് ബിരുദ പഠനത്തിനായി അസ്ന ഫാത്തിമ ഫാത്തിമ മാതായിലെത്തിയത്. ഏഴാം തീയതി ക്ളാസ് തുടങ്ങുമ്പോൾ തന്നെ കലാലയത്തിലെ വാനമ്പാടിയാകണമെന്നാണ് അസ്നയുടെ ആഗ്രഹം. പത്തനംതിട്ട തുമ്പമൺ പഞ്ചായത്തിലെ വി.ഇ.ഒ കരുനാഗപ്പള്ളി തൊടിയൂർ അസ്ന മൻസിലിൽ എസ്.നിസാമുദ്ദീന്റെയും അനീസയുടെയും രണ്ട് മക്കളിൽ മൂത്തയാളാണ് അസ്ന നിസാം. അനുജൻ അൻസിഫ് ആറാം ക്ളാസ് വിദ്യാർത്ഥിയാണ്. നിസാമുദ്ദീൻ നന്നായി പാടും. വാപ്പയുടെ പാട്ടുകേട്ട് വളർന്ന അസ്ന കുട്ടിക്കാലത്ത് രണ്ട് വർഷം സംഗീതം പഠിച്ചിരുന്നു. ഏഴാം ക്ളാസ് വരെ സി.ബി.എസ്.ഇ കലോത്സവങ്ങളിൽ പങ്കെടുത്തു വിജയിച്ചു. 8, 9 ക്ളാസുകൾ കൊവിഡ് കാലമായതിനാൽ കലോത്സവങ്ങളിൽ പങ്കെടുക്കാനായില്ല. പത്താം ക്ളാസിൽ സംസ്ഥാന കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ എ ഗ്രേഡ് നേടി.
പ്ളസ്ടു പഠനകാലത്ത് സംസ്ഥാന കലോത്സവത്തിൽ ഉറുദു ഗസലിലായിരുന്നു സമ്മാനം. പട്ടുറുമാൽ, ടോപ് സിംഗർ ചാനൽ പ്രോഗ്രാമുകളിലൂടെയാണ് അസ്നയുടെ പാട്ടുകൾ മലയാളികൾ ഇഷ്ടപ്പെട്ടത്. പട്ടുറുമാൽ സീസൺ 12ലെ വിജയിയുമായി. ലളിതഗാനം, മാപ്പിളപ്പാട്ട്, ഗസൽ, സിനിമാ ഗാനങ്ങൾ തുടങ്ങിയവയെല്ലാം വഴങ്ങും. ഇപ്പോൾ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ ഗ്രേഡ് ആർട്ടിസ്റ്റുമാണ്. ഇരുപതിലധികം ആൽബങ്ങൾക്ക് വേണ്ടി പാടി. സിനിമ പിന്നണി ഗായിക എന്ന സ്വപ്നത്തിലേക്ക് അടുക്കുമ്പോഴാണ് കലാലയ ജീവിതത്തിലേക്കും കടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |