കൊല്ലം: പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഒന്നാമനായെങ്കിലും പി.എസ്.സിയുടെ കടുംപിടുത്തത്തിൽ നിയമനം ലഭിക്കാതെ ഓഫീസുകൾ കയറിയിറങ്ങുകയാണ് മൈനാഗപ്പള്ളി സ്വദേശിയായ പി.സനിൽ. ജില്ലയിലെ എൻ.സി.സി, സൈനിക ക്ഷേമ വകുപ്പിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (396/2020) വിമുക്തഭടന്മാർക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികയിലെ റാങ്ക് ലിസ്റ്റിലാണ് സനൽ ഇടം പിടിച്ചത്.
ജില്ലയിൽ ഈ തസ്തികയിൽ ഒരേയൊരു ഒഴിവ് മാത്രമെ ഉണ്ടായിരുന്നു. എഴുത്ത് പരീക്ഷയും ചർച്ചയും അഭിമുഖവും പരിശോധനയും ഉൾപ്പടെ നടത്തിയ ശേഷമാണ് റാങ്ക് ലിസ്റ്റ് പുറപ്പെടുവിച്ചത്. എന്നാൽ ഇത് ഭിന്നശേഷി സംവരണ തസ്തികയാണെന്നും അതിനാൽ നിയമനം നൽകാൻ കഴിയല്ലെന്നുമാണ് ഇപ്പോൾ പി.എസ്.സി പറയുന്നത്. അഭിമുഖത്തിന്റെ സമയത്തുപോലും ഭിന്നശേഷി സംവരണമാണെന്ന് ഉദ്യോഗാർത്ഥിയെ അറിയിച്ചില്ലെന്നാണ് ആക്ഷേപം.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഇല്ലാഞ്ഞതിനാൽ 30 വർഷത്തിലധികമായി സ്ഥിര നിയമനം നടക്കാത്ത തസ്തികയായിരുന്നു ഇത്. ഇക്കാര്യം മനസിലാക്കിയും ഭിന്നശേഷിക്കാർക്കുള്ള തസ്തികയാണെന്ന് മുൻകൂട്ടി അറിയിക്കാത്തതിനാലും റാങ്ക് ലിസ്റ്റിലെ ഒന്നാമന് ജോലി നൽകിക്കൂടെ എന്ന ചോദ്യത്തിന് അടുത്ത റാങ്ക് ലിസ്റ്റിൽ ഭിന്നശേഷിക്കാരില്ലെങ്കിൽ പരിഗണിക്കാമെന്നാണ് പി.എസ്.സി നൽകിയ മറുപടി. എന്നാൽ ഇനി ഈ ജോലി ലഭിക്കണമെങ്കിൽ പി.എസ്.സി ഈ തസ്തികയിൽ അടുത്ത വിജ്ഞാപനം പുറപ്പെടുവിച്ച് പരീക്ഷയും മറ്റും നടത്തി റാങ്ക് ലിസ്റ്റ് ഇറക്കുന്നവരെ കാത്തിരിക്കണം. 2020ൽ വിജ്ഞാപനം വന്ന തസ്തികയിൽ 2025ലാണ് റാങ്ക് ലിസ്റ്റ് വന്നത്. അതായത് പി.എസ്.സിയുടെ പിടിവാശി കാരണം ഇനിയും അഞ്ച് വർഷത്തോളം വീണ്ടും സനിലിന് കാത്തിരിക്കേണ്ടിവരും. വേഗത്തിലുള്ള നിയമനത്തിനായി മുഖ്യമന്ത്രി, ഗവർണർ, പി.എസ്.സി ചെയർമാൻ, സെക്രട്ടറി, സൈനിക ക്ഷേമ വകുപ്പ്, സാമൂഹിക നീതി വകുപ്പ് എന്നിവിടങ്ങളിൽ സഹായ അഭ്യർത്ഥന നൽകി കാത്തിരിക്കുകയാണ് സനിൽ.
അപേക്ഷകർ കുറവ്
എൻ.സി.സി, സൈനിക ക്ഷേമ വകുപ്പിലെ കോൺഫിഡൻഷ്യൽ അസി. തസ്തിക വിമുക്ത ഭടന്മാർക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇതിന് പുറമേ സ്റ്റെനോഗ്രഫി യോഗ്യതയും വേണമെന്നുള്ളതിനാൽ വളരെ കുറച്ചു പേർ മാത്രമാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നത്. പി.എസ്.സി നിയമനങ്ങളിൽ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയിട്ടുള്ള തസ്തികകളിലെ ആദ്യ ഒഴിവ് അവർക്കായി മാറ്റി വയ്ക്കണമെന്ന ഉത്തരവുള്ളതിനാൽ ജില്ലാ അടിസ്ഥാനത്തിലും സംസ്ഥാന തലത്തിലും ഒരു ഒഴിവ് മാത്രമുള്ള തസ്തിക അങ്ങനെ മാറ്റും. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഇല്ലെന്ന് ഉറപ്പായാൽ പോലും മറ്റുള്ളവരെ പരിഗണിക്കുന്നില്ലെന്നാണ് ഉയരുന്ന പരാതി. ജില്ലാ അടിസ്ഥാനത്തിലെ ഒരു ഒഴിവ് മാത്രമുള്ള, ദീർഘകാലമായി അനുയോജ്യരായ ഉദ്യോഗാർത്ഥികളെ കിട്ടാത്ത തസ്തികകളിൽ സംവരണമുള്ളവർ ഇല്ലാത്ത സാഹചര്യ ത്തിൽ മറ്റുള്ളവരെ പരിഗണിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |