കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം നടക്കുന്നത് ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെ. നിർമ്മാണ സ്ഥലങ്ങൾ വേർതിരിക്കുന്നത് ഷീറ്റും വടങ്ങളും മാത്രമാണ്. സുരക്ഷാ ഭീഷണി നിരവധി തവണ യാത്രക്കാർ സ്റ്റേഷൻ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ കരാർ കമ്പനി യാതൊരു സുരക്ഷാ ക്രമീകരണവും ഏർപ്പെടുത്തിയില്ല.
കോൺക്രീറ്റിംഗിന്റെ തട്ടിന് താങ്ങായി വച്ചിരിക്കുന്ന മറ്റ് പൈപ്പുകളും തള്ളി നിൽക്കുകയാണ്. ഇവിടെ വല കെട്ടിയിട്ടില്ല. ഒന്നാം പ്ലാറ്റ്ഫോമിൽ യാത്രക്കാർക്ക് സുഗമമായി നടക്കാൻ കഴിയാത്ത നിലയിലാണ് നിർമ്മാണം നടക്കുന്നത്. അപകട സാദ്ധ്യത കണക്കിലെടുത്ത് നിർമ്മാണ സ്ഥലത്തിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ ടിൻഷീറ്റ് അടിച്ച് വേർതിരിച്ചിട്ടുണ്ട്. എന്നാൽ സേഫ്ടിലൈനും കഴിഞ്ഞുള്ള ഈ വേർതിരിക്കലും യാത്രക്കാർക്ക് വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് എട്ട് മുതൽ 13 മീറ്റർ വരെ വീതിയാണുള്ളത്.
സൗത്ത് ടെർമിനലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകാതിരിക്കാനാണ് 50 മീറ്ററോളം നീളത്തിൽ പ്ലാറ്റ്ഫോമിന്റെ എൺപത് ശതമാനത്തോളം കവർന്നെടുത്ത് ഷീറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ട്രെയിൻ നിറുത്തുന്നത് വരെ ട്രാക്കിൽ നിന്ന് 5.5 അടി അകലെ പ്ലാറ്റ്ഫോമിൽ വരച്ചിട്ടുള്ള മഞ്ഞ വരയ്ക്ക് അപ്പുറമേ യാത്രക്കാർ നിൽക്കാവുയെന്നാണ് ചട്ടം. എന്നാൽ ഈ ഭാഗത്ത് നിലവിൽ കഷ്ടിച്ച് നാലടി വീതിയേയുള്ളു. കൂടാതെ സ്ഥാപിച്ചിരിക്കുന്ന ഷീറ്റുകളിൽ ചിലത് പുറത്തേക്ക് തള്ളി നിൽക്കുകയാണ്.
ദീർഘദൂര ട്രെയിനുകളുടെ ജനറൽ കോച്ചുകൾ വീതികുറഞ്ഞ ഭാഗത്താണ് നിറുത്തുന്നത്. ട്രെയിനുകൾ എത്തുമ്പോൾ തിക്കും തിരക്കും രൂക്ഷമാകുന്ന ഇവിടെ ഭാഗ്യം കൊണ്ട് മാത്രമാണ് അപകടങ്ങൾ ഒഴിവാകുന്നത്. ഷീറ്റ് സ്ഥാപിച്ചിരിക്കുന്ന ഭാഗത്ത് നിറുത്തുന്ന കോച്ചുകൾക്ക് മുന്നിൽ യാത്രക്കാർ നിറയുന്നതോടെ മറ്റ് കോച്ചുകളിലേക്ക് കയറാനുള്ള യാത്രക്കാർക്ക് ബാഗുമായി മുറിച്ചുകടക്കാനും കഴിയുന്നില്ല.
എയർപോർട്ടിന് സമാനമായ സൗകര്യങ്ങളോടെ നിർമ്മാണം നടക്കുന്ന എയർ കോൺകോഴ്സിലേക്ക് രണ്ടാം പ്ലാറ്റ്ഫോമിൽ എത്താനുള്ള ലിഫ്ടിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. ഇവിടെയും സമാനമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് യാത്രക്കാർ പറയുന്നത്.
സുരക്ഷയിൽ ജാഗ്രത പുലർത്തണം:
എൻ.കെ. പ്രേമചന്ദ്രൻ എം.പി
കൊല്ലം റെയിൽവേ സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട സുരക്ഷാ നടപടികളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. നിർമ്മാണ പുരോഗതി പോലെ പരമപ്രധാനമാണ് യാത്രക്കാരുടെ സുരക്ഷിതത്വവും. യാത്രക്കാരുടെ സുരക്ഷ നൂറ് ശതമാനം ഉറപ്പാക്കി വേണം തുടർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടത്. പരിക്കേറ്റ യാത്രക്കാരുടെ ചികിത്സാ ചെലവ് പൂർണമായും ഏറ്റെടുക്കണമെന്നും മതിയായ ആശ്വാസ ധനസഹായം പരിക്കേറ്റവർക്ക് അനുവദിക്കണമെന്നും ദക്ഷിണ റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറോട് എം.പി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |