കൊല്ലം: ആയൂരിൽ വസ്ത്ര വ്യാപാര ശാല ഉടമയും വനിതാ മാനേജരും ഒരേ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടുപ്പവും സാമ്പത്തിക പ്രശ്നങ്ങളുമാണ് കാരണങ്ങളെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ആയൂർ ടൗണിലെ ലാവിഷ് ടെക്സ്റ്റൈൽസ് ഉടമ മലപ്പുറം കരിപ്പൂർ കരിപ്പത്താെടിയിൽ വീട്ടിൽ അലി (35), ചടയമംഗലം പള്ളിക്കൽ ചന്ദ്രവിലാസത്തിൽ ദിവ്യാമോൾ (40) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ വസ്ത്രവ്യാപാര ശാലയുടെ താഴത്തെ നിലയിലെ വിശ്രമ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടത്തിയതിൽ നിന്നും ഇരുവരും തൂങ്ങിമരിച്ചതുതന്നെയെന്ന് സ്ഥിരീകരിച്ചു. എന്നാലും പൊലീസ് അന്വേഷണം തുടരുകയാണ്. ദിവ്യാമോളുടെ ഭർത്താവ് രാജീവിനെ മൊഴിയെടുക്കാനായി ഇന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അലി ഒരാഴ്ച മുമ്പ് കൊട്ടാരക്കരയിലെ ബാങ്കിൽ നിന്ന് നാല് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഈ തുക എവിടെയെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. തീർത്തും സാധാരണ കുടുംബാംഗമായ ദിവ്യാമോൾ അടുത്തിടെ പുതിയ വീടിന്റെ നിർമ്മാണവും തുടങ്ങി കോൺക്രീറ്റ് ഘട്ടമെത്തിയിരുന്നു. കടയിലെ വരവ് ചെലവ് കണക്കുകളും മറ്റ് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അലിയും ദിവ്യാമോളും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായതെന്നും അതുമായി ബന്ധപ്പെട്ടാണ് ഇരുവരും ജീവനൊടുക്കിയതെന്നുമാണ് പൊലീസ് നൽകുന്ന സൂചന. ഫർണിച്ചർ കടയിലെ സെയിൽസ് ഗേളായി എത്തിയ ദിവ്യാമോൾ അലി തുടങ്ങിയ വസ്ത്ര വ്യാപാര ശാലയിലെ മാനേജരായി മാറുകയായിരുന്നു. ഇരുവരുമുള്ള അടുപ്പമാണ് സാമ്പത്തിക ഇടപാടുകളിലേക്കും കടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ചടയമംഗലം സി.ഐ എൻ.സുനീഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |