കൊല്ലം: പാർട്ടി അച്ചടക്കത്തിന്റെ വാൾ മുന തലയ്ക്ക് മുകളിൽ ഉയർന്നപ്പോഴും കൊല്ലവും വിളിച്ചിട്ടുണ്ട് കണ്ണേ കരളേ വി.എസ്സേ...എന്ന്. ഇങ്ങനെ മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ കൊല്ലത്ത് അനേകം സി.പി.എം പ്രവർത്തകർക്കും നേതാക്കൾക്കും പാർട്ടിയിലെ സ്ഥാനങ്ങൾ നഷ്ടമായിട്ടുണ്ട്. പാർട്ടിയിൽ അരിഞ്ഞുവീഴ്ത്തപ്പെട്ടിട്ടുണ്ട്. എന്നിട്ടും കൊല്ലത്തുകാർക്ക് ഉയിരും ഉശിരുമായിരുന്നു വി.എസ്.
കൊല്ലത്തെ വി.എസ് പക്ഷ നേതാക്കളിൽ ഭൂരിപക്ഷവും നിലനില്പവിന്റെ വഴിയിലൂടെ സഞ്ചരിച്ച് തുടങ്ങിയ ശേഷമാണ് 2016ലെ നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. വി.എസിന് സീറ്റ് നിഷേധിക്കപ്പെട്ടെന്ന് അറിഞ്ഞതിന് പിന്നാലെ കൊല്ലത്തെ നഗരമേഖലകളിലും നാട്ടിൻപുറങ്ങളിലും പന്തം കൊളുത്തി പ്രകടനങ്ങളുണ്ടായി. നേതാക്കളില്ലാത്ത ആ പ്രകടനങ്ങൾ കണ്ണേ കരളേ വി.എസ്സേ എന്ന് ആർത്തുവിളിച്ചു.
അതിൽ സി.പി.എം പ്രവർത്തകർക്ക് പുറമേ രാഷ്ട്രീയമില്ലാത്ത ജനങ്ങളുമുണ്ടായിരുന്നു. മറ്റിടങ്ങളിലേത് പോലെ മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രവർത്തകരും വി.എസിനെ ഏറെ സ്നേഹിച്ചിരുന്നു. വി.എസ് പങ്കെടുക്കുന്ന പരിപാടികളിൽ ആളെക്കൂട്ടാൻ കൊല്ലത്തെ സി.പി.എം നേതാക്കൾക്ക് അദ്ധ്വാനിക്കേണ്ടി വന്നിട്ടില്ല. വി.എസിന്റെ പ്രസംഗം കേൾക്കാൻ സി.പി.എമ്മുകാരെക്കാൾ ആവേശത്തിൽ വൻ ജനക്കൂട്ടം എല്ലായിടത്തും എത്തുമായിരുന്നു.
95 ലെ കൊടിയേറ്റം
വി.എസ് പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോൾ മുതൽ ജില്ലയിലെ വലിയൊരുവിഭാഗം നേതാക്കൾക്കും പ്രവർത്തകർക്കും അദ്ദേഹവുമായി വലിയ അടുപ്പമുണ്ടായിരുന്നു. എന്നാൽ വി.എസ് സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ ശേഷം നടന്ന ജില്ലാ സമ്മേളനത്തിലാണ് കൊല്ലത്ത് വി.എസ് പക്ഷത്തിന്റെ കൊടിയേറ്റമുണ്ടായത്.
1995ൽ കൊല്ലം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടായി. വി.എസ് പക്ഷക്കാരനായ പി.കെ.ഗുരുദാസനെതിരെ സി.ഐ.ടി.യു നേതാവായ കേശവൻ നായരാണ് മത്സരിച്ചത്. കേശവന് അഞ്ച് വോട്ട് ലഭിച്ചു. 30 വോട്ട് നേടിയാണ് അന്ന് ഗുരുദാസൻ വീണ്ടും സെക്രട്ടറിയായത്. അതിന് ശേഷം ജില്ലാ നേതൃത്വത്തിലെ പക്ഷങ്ങൾ കീഴ്ഘടങ്ങളിലേക്ക് പടർന്നു. പിന്നീട് പിണറായി പാർട്ടിയിൽ പിടിമുറുക്കിയപ്പോഴും ജില്ലയിൽ വി.എസ് പക്ഷത്തിനായിരുന്നു കരുത്ത്. 2004ലെ മലപ്പുറം സംസ്ഥാന സമ്മേളനം വരെ ജില്ലയിലെ സി.പി.എം വി.എസ് പക്ഷത്തിന്റെ കൈപ്പിടിയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |