കൊല്ലം: പിതൃസ്മരണയിൽ ഇന്ന് ജനലക്ഷങ്ങൾ വാവുബലി തർപ്പണം നടത്തും. ഇന്നലെ അർദ്ധരാത്രി മുതൽ ജില്ലയിലെ വിവിധ ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് ആളുകൾ എത്തിത്തുടങ്ങി. മുണ്ടയ്ക്കൽ പാപനാശനം തീരത്ത് മുണ്ടയ്ക്കൽ ശ്രീനാരായണ ഗുരുദേവ മന്ദിരം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ.
ഇന്ന് പുലർച്ചെ 2.30 മുതൽ തടത്തിൽ മഠം ടി.കെ.ചന്ദ്രശേഖരൻ തന്ത്രിയുടെയും 15ൽ പരം തന്ത്രിമാരുടെയും നേതൃത്വത്തിലാണ് പിതൃതർപ്പണം. തിലഹന ഹോമവും നടക്കും. തർപ്പണത്തിന് എത്തുന്നവർക്ക് തുമ്പറ മഹാദേവീ ക്ഷേത്രം ട്രസ്റ്റ് സൗജന്യമായി ഔഷധ കാപ്പി നൽകും.
തിരുമുല്ലവാരം കടപ്പുറത്ത് ഒരേസമയം 3000 പേർക്ക് ബലിയിടാൻ അഞ്ച് ബലിപ്പുരകളാണ് ഒരുക്കിയത്. പുലർച്ചെ 2.30 മുതലാണ് ബലിതർപ്പണം. 70 ഓളം പുരോഹിതന്മാരാണുള്ളത്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങളുമുണ്ട്. അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിൽ ഒരേ സമയം 2000 പേർക്ക് വാവുബലിയിടാം. പുലർച്ചെ 4ന് ആരംഭിച്ച് വൈകിട്ട് 5ന് സമാപിക്കും. തന്ത്രി വന്മള പി.വി.വിശ്വനാഥൻ ശാന്തി, വി.ഷിബു ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 6 മുതൽ കൊല്ലം, അഞ്ചാലുംമൂട്, കുണ്ടറ എന്നിവിടങ്ങളിൽ നിന്ന് അഷ്ടമുടി ശ്രീ വീരഭദ്രസ്വാമി ക്ഷേത്രത്തിലേക്ക് കെ.എസ്.ആർ.ടി.സി ബസുകളും കൊല്ലം, അഞ്ചാലുംമൂട് എന്നിവിടങ്ങളിൽ നിന്ന് സ്വകാര്യ ബസുകളും പ്രത്യേക സർവീസുകൾ നടത്തും.
താന്നി സ്വർഗപുരം ദേവീക്ഷേത്രത്തിൽ ഒരേ സമയം 300 പേർക്ക് ബലിതർപ്പണം നടത്താം. പുലർച്ചെ 3ന് ആരംഭിച്ച് ഉച്ചയ്ക്ക് 2 ന് സമാപിക്കും. ക്ഷേത്രം മേൽശാന്തി സജീവ് മുഖ്യകാർമ്മികത്വം വഹിക്കും. പരവൂർ പൊഴിക്കര പനംമൂട് കുടുംബ മഹാദേവക്ഷേത്രത്തിൽ പുലർച്ചെ 3.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് ബലിതർപ്പണം. വെളിനല്ലൂർ മേജർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ പുലർച്ചെ 4 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ബലിതർപ്പണം. ആചാര്യൻ ശ്രീശുകൻ നേതൃത്വം നൽകും. പട്ടംതുരുത്ത് 523-ാം നമ്പർ എസ്.എൻ.ഡി.പി യോഗം വക ശ്രീകൃഷ്ണ-നരസിംഹസ്വാമി ക്ഷേത്രത്തിൽ രാവിലെ 4 മുതൽ ബലിതർപ്പണം ആരംഭിക്കും.
കാട്ടിമേക്കതിൽ ദേവീക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ പുലർച്ചെ 2 മുതൽ ശ്രീഭദ്ര ബീച്ചിൽ (ക്ഷേത്രത്തിന് വടക്കുവശം) ബലിതർപ്പണം നടക്കും. ചവറ പുത്താഴത്ത് മഠത്തിൽ കൃഷ്ണമൂർത്തി, സുബ്രഹ്മണ്യൻ പോറ്റി, ധനുഷ് കൃഷ്ണൻ പോറ്റി, കല്ലുംതാഴം രതീഷ് തന്ത്രി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ. കരുനാഗപ്പള്ളിയിൽ നിന്ന് ക്ഷേത്രത്തിലേക്ക് തീരദേശം വഴി പ്രത്യേക കെ.എസ്.ആർ.ടി.സി സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്. ആലപ്പാട് ഗ്രാമപഞ്ചായത്തിലെ വെള്ളനാതുരുത്ത്, പണ്ടാരത്തുരുത്ത്, ചെറിയഴീക്കൽ, ആലപ്പാട്, കുഴിത്തുറ, പറയകടവ്, ശ്രായിക്കാട്, അഴീക്കൽ എന്നിവിടങ്ങളിലെ കടൽത്തീരങ്ങളിലാണ് ബലിതർപ്പണം നടക്കുന്നത്.
കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ശ്രീമഹാദേവർ ക്ഷേത്രം, പുത്തൂർ താഴം ആദിശമംഗലം ക്ഷേത്രം, കുളക്കട വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രം, നെട്ടയം ഇണ്ടിളയപ്പൻ സ്വാമി ക്ഷേത്രം,അണ്ടൂർ മഹാവിഷ്ണു ക്ഷേത്രം, മേലില ക്ഷേത്രം തുടങ്ങി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ വാവുബലി തർപ്പണം നടക്കും. ബലിതർപ്പണ കേന്ദ്രങ്ങളിൽ അത്യാവശ്യ മരുന്നുകൾ, ഡോക്‌ടമാർ, നഴ്‌സുമാർ, ആംബുലൻസ് എന്നിവയ്ക്ക് പുറമേ, പൊലീസ്, എക്സൈസ്, ഫയർഫോഴ്‌സ്, മറൈൻ എൻഫോഴ്‌സമെന്റ്, നീന്തൽ വശമുള്ളവർ എന്നിവരുടെ സേവനവും ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |