കൊല്ലം: പത്തനാപുരത്ത് വനിതാ ദന്ത ഡോക്ടറെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. പ്രതി മാസങ്ങളായുള്ള തയ്യാറെടുപ്പിന് ശേഷമാണ് കൃത്യം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. പ്രതി പത്തനാപുരം കുണ്ടയം കാരംമൂട് സൽദാൻ മൻസിലിൽ മുഹമ്മദ് സൽദാനെതിരെ (24) ലൈംഗിക അതിക്രമമടക്കം നിരവധി വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
പത്തനാപുരം കല്ലുംകടവിൽ മുഹമ്മദ് സൽദാന്റെ പിതാവിന് കടയുണ്ട്. ഇവിടെ എത്താറുള്ള മുഹമ്മദ് സൽദാൻ വനിതാ ഡോക്ടറെ മാസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. 26ന് വൈകിട്ട് 6.30ന് ക്ളിനിക്ക് അടച്ചിട്ട് വീട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഡോക്ടർ. ഈ തക്കത്തിന് ക്ളിനിക്കിലേക്ക് കടന്നാണ് മുഹമ്മദ് സൽദാൻ അതിക്രമം കാട്ടിയത്. ഡോക്ടർ കുതറി നിലവിളിക്കാൻ തുടങ്ങിയതോടെയാണ് തലയിൽ വയ്ക്കാറുള്ള തുണി ഡോക്ടറുടെ വായിൽ തിരുകിയത്. പിന്നീട് രക്ഷപ്പെടുകയായിരുന്നു. വീട്ടിൽ ആലോചിച്ച ശേഷമാണ് പത്തനാപുരം പൊലീസിൽ പരാതി നൽകിയത്. എന്നാൽ ലൈംഗികാതിക്രമം ആദ്യം പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരുന്നില്ല. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് കടയ്ക്കൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ വ്യവസ്ഥകളോടെ ഇടക്കാല ജാമ്യം അനുവദിച്ചു. ഇതോടെയാണ് പ്രതിയുടെ ആക്രമണത്തെപ്പറ്റിയുള്ള യഥാർത്ഥ വിവരങ്ങൾ പൊലീസിന് മുമ്പാകെ മൊഴി നൽകാൻ ഡോക്ടർ തയ്യാറായത്.
റൂറൽ എസ്.പി കെ.എം.സാബു മാത്യുവിന്റെ നിർദ്ദേശത്തെ തുടർന്ന് പത്തനാപുരം പൊലീസ് വീണ്ടും ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയത് കോടതി മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. 31ന് പത്തനാപുരം കോടതിയിൽ കേസ് വീണ്ടും പരിഗണിക്കും. ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കേസ്. വിശദമായ അന്വേഷണ റിപ്പോർട്ടുകൂടി ചേർത്താകും പൊലീസ് വീണ്ടും കോടതിയിലെത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |