പുനലൂർ: പതിനൊന്നുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിന് മൂന്ന് ജീവപര്യന്തത്തിനും കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. അഞ്ചൽ നെട്ടയം കോണത്ത് മുക്ക് ചരുവിള പുത്തൻ വീട്ടിൽ പി.കനകരാജിനെയാണ് (35) പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ഡിസ്ട്രിക്ട് ജഡ്ജ് ടി.ഡി.ബൈജു ശിക്ഷിച്ചത്.
ജീവപര്യന്തം പ്രതിയുടെ ജീവിതാവസാനം വരെയാണെന്ന് വിധിയിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. പിഴ ഒടുക്കാത്ത പക്ഷം ഒമ്പത് മാസം അധിക കഠിനതടവ് അനുഭവിക്കണം. കൂടാതെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മൂന്നുലക്ഷം രൂപ അതിജീവിതയ്ക്ക് നഷ്ടപരിഹാരം നൽകണം.
ഇര അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് പ്രതി പലതവണ പീഡിപ്പിച്ചത്. ഏരൂർ പൊലീസ് ഇൻസ്പെക്ടറായിരുന്ന സുഭാഷ് കുമാറാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പുനലൂർ ഡിവൈ.എസ്.പിമാരായിരുന്ന അനിൽ ദാസും എം.എസ്.സന്തോഷുമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.അജിത്ത് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |