
കല്ലമ്പലം: ജില്ലയിൽ വർഷങ്ങളായി അടഞ്ഞുകിടക്കുന്ന കശുഅണ്ടി ഫാക്ടറികൾ തുറന്ന് പ്രവർത്തിക്കണമെന്ന ആവശ്യവുമായി തൊഴിലാളികൾ രംഗത്ത്. തൊഴിലും ആനുകൂല്യങ്ങളും നഷ്ടപ്പെട്ട ദുരിതപൂർണമായ ജീവിതം നയിക്കുന്ന 60,000 ത്തോളം തൊഴിലാളികളാണ് അധികൃതരുടെ കനിവ് തേടുന്നത്. ജില്ലയിലെ 94 ഫാക്ടറികൾ അടഞ്ഞ നിലയിലാണ്. ഇരുപത്തെട്ടാംമൈലിലെ കാപ്പക്സ് എന്ന കമ്പനി മാത്രമാണ് വല്ലപ്പോഴും പ്രവർത്തിക്കുന്നത്.
കേന്ദ്രസർക്കാർ 2015 ഫെബ്രുവരിയിൽ 16ശതമാനം ഇറക്കുമതിച്ചുങ്കം കൂട്ടിയതും സംസ്ഥാന സർക്കാരിന്റെ കൂലിവർദ്ധനയിലെ പിഴവും തോട്ടണ്ടിയുടെ ലഭ്യതക്കുറവും ഉയർന്ന ഉത്പാദനവും താങ്ങാൻ കഴിയുന്നില്ലെന്ന കാരണത്താലാണ് ഫാക്ടറികൾ ഓരോന്നായി അടച്ചുപൂട്ടാൻ തുടങ്ങിയത്. ഇതിൽ എട്ടും പത്തും വർഷമായി അടഞ്ഞുകിടക്കുന്ന ഫാക്ടറികളുമുണ്ട്. ഫാക്ടറി കെട്ടിടങ്ങളും യന്ത്രസാമഗ്രികളും നശിച്ചുതുടങ്ങിയിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തമാണ്. ഫാക്ടറി ഉടമകളിൽ പലരും തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ കശുഅണ്ടി ഫാക്ടറികളുള്ളവരാണ്. ചിലർ പൂട്ടിയ ഫാക്ടറികളിലെ യന്ത്രസാമഗ്രികൾ കടത്തിക്കൊണ്ടുപോയി.
ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലെന്ന്
പൂട്ടിയ ഫാക്ടറികളിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലെന്ന പരാതിയും ശക്തമാണ്. ശ്വാസംമുട്ടൽ, ക്യാൻസർ,സന്ധിവേദന തുടങ്ങിയ രോഗങ്ങളാൽ വലയുന്നവരുമുണ്ട്. നിയമപ്രകാരം ഫാക്ടറികൾ പൂട്ടുമ്പോൾ കിട്ടേണ്ട വിരമിക്കൽ ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. എത്രയുംവേഗം പൂട്ടിയ കശുഅണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |