കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉയർന്ന വിലയുള്ള സർജിക്കൽ ഇംപ്ലാന്റ്സ് സ്റ്റോക്ക് ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾക്ക് പതിനായിരങ്ങൾ മുടക്കേണ്ട ഗതികേടിൽ പാവപ്പെട്ട രോഗികൾ. വൻതുക കുടിശ്ശികയായതോടെ പൊതുമേഖലാ സ്ഥാപനം സർജിക്കൽ ഇംപ്ലാന്റ്സ് വിതരണം നിറുത്തിവച്ചതാണ് പ്രശ്നം.
സർജിക്കൽ ഇംപ്ലാന്റ്സ് വാങ്ങിയ ഇനത്തിൽ എട്ടുമാസത്തെ തുക പൊതുമേഖല സ്ഥാപനത്തിന് കുടിശ്ശികയുണ്ട്. അതുകൊണ്ട് വില കുറഞ്ഞ ഇംപ്ലാന്റ്സ് മാത്രമാണ് വിതരണം ചെയ്യുന്നത്. ഗുരുതര പ്രശ്നങ്ങളുള്ള രോഗികൾക്ക് കൂടുതൽ വിലയുള്ള ഇംപ്ലാന്റ്സ് വേണ്ടിവരും. ഇവർ പണം നൽകി സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഇംപ്ലാന്റ്സ് വാങ്ങി നൽകേണ്ട അവസ്ഥയാണ്. കാര്യമായ പണച്ചെലവില്ലാതെ ശസ്ത്രക്രിയ നടത്താമെന്ന് കരുതുന്നവർ പുറത്തുനിന്നും വാങ്ങി നൽകേണ്ടവയുടെ ലിസ്റ്റ് കേട്ട് സ്വകാര്യ ആശുപത്രികളിലേക്ക് പായുകയാണ്.
കാരുണ്യമില്ലാതെ കാരുണ്യ ഫാർമസി
വില കൂടിയ ഇംപ്ലാന്റ്സ് വിതരണം പൊതുമേഖലാ സ്ഥാപനം വഴി
വൻ തുക കുടിശ്ശികയായതോടെ വിതരണം നിലച്ചു
പണമില്ലാത്തവർ മാസങ്ങൾ കാത്തിരിക്കണം
നൂറുകണക്കിന് രോഗികൾ പ്രതിസന്ധിയിൽ
ഇ.എസ്.ഐ അംഗങ്ങൾക്കും രക്ഷയില്ല
സ്വകാര്യ ആശുപത്രികളിലേക്കുള്ള റഫറൻസ് നിറുത്തിയതിനാൽ ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്നടക്കം ഇ.എസ്.ഐ അംഗങ്ങളെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കാണ് റഫർ ചെയ്യുന്നത്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തുമ്പോൾ ചികിത്സയ്ക്ക് പതിനായിരങ്ങൾ ചെലവിടേണ്ട അവസ്ഥയാണ്. ചെലവാകുന്ന തുകയുടെ ബില്ല് സമർപ്പിച്ചാൽ ഇ.എസ്.ഐയിൽ നിന്ന് റീ ഇംബേഴ്സ് ചെയ്തുകിട്ടുമെന്നാണ് വയ്പ്. എന്നാൽ ബില്ലുകളുമായി ചെല്ലുമ്പോൾ രേഖകൾ വീണ്ടും ആവശ്യപ്പെട്ട് മടക്കും. ഇങ്ങനെ കയറിയിറങ്ങി തളർന്ന പലരും പണം തിരികെ കിട്ടാനുള്ള ശ്രമം ഉപേക്ഷിക്കുകയാണ്.
പലതവണ ചർച്ച നടത്തിയിട്ടും വിതരണ ചുമതലയുള്ള പൊതുമേഖലാ സ്ഥാപനം ഉയർന്ന വിലയുള്ള സർജിക്കൽ ഇംപ്ലാന്റ്സ് ലഭ്യമാക്കുന്നില്ല. കുടിശ്ശിക ഒരുപരിധി വരെയെങ്കിലും തീർക്കണമെന്ന നിലപാടിലാണ് അവർ.
പാരിപ്പള്ളി മെഡി. കോളേജ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |