കൊല്ലം: തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജന പ്രക്രിയ പൂർത്തിയായതോടെ ജില്ലയിലെ വാർഡുകളുടെ എണ്ണം 1698 ആയി ഉയർന്നു. വിഭജനത്തിന് മുൻപ് 1598 വാർഡുകളാണ് ഉണ്ടായിരുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് വാർഡ് വിഭജന പ്രവർത്തനം നടന്നത്.
ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവയും രണ്ടാംഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തുകളിലും മൂന്നാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്തുകളിലും പുനർവിഭജന പ്രക്രിയ നടത്തി. വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ഡീലിമിറ്റേഷൻ കമ്മിഷന് പരാതി നൽകിയവരെ ഹിയറിംഗിന് വിളിച്ചിരുന്നു. ഇവരെ നേരിൽ കേട്ട് പരാതികൾ പരിഹരിച്ച ശേഷമാണ് വാർഡ് വിഭജനം അന്തിമമാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.
അതിർത്തികൾ മാറിമറിഞ്ഞതോടെ പഴയ സംവരണ വാർഡുകളെ ആ ഗണത്തിൽ കണക്കാക്കാനാകില്ല. അതുകൊണ്ട് തന്നെ സംവരണം നിശ്ചയിക്കാൻ എല്ലാ വാർഡുകളും നറുക്കെടുപ്പ് പട്ടികയിൽ ഉൾപ്പെടുമോയെന്നാണ് കൺഫ്യൂഷൻ. ഇക്കാര്യത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം രണ്ട് ദിവസത്തിനകം പുറത്തുവരും.
വാർഡുകളിൽ അടിമുടി മാറ്റം
കോർപ്പറേഷനിലും നാല് മുനിസിപ്പാലിറ്റികളിലും ജില്ലാ പഞ്ചായത്തിലും ഓരോ വാർഡ് മാത്രമാണ് വർദ്ധിച്ചത്
എന്നാൽ ചുരുക്കം പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഒന്നിലധികം വാർഡുകളുടെ വർദ്ധന
എല്ലാ വാർഡുകളിലെയും ജനസംഖ്യ ഏകദേശം തുല്യമാക്കാൻ അതിർത്തികളിൽ വലിയ മാറ്റം
വലിയൊരു വിഭാഗം പഴയ വാർഡുകളുടെയും രൂപത്തിലും സ്വഭാവത്തിലും വലിയ മാറ്റം
മുന്നണികളുടെ ചില ശക്തികേന്ദ്രങ്ങൾ ദുർബലപ്പെട്ടു
ചില പുതിയ ശക്തികേന്ദ്രങ്ങൾ രൂപപ്പെടുകയും ചെയ്തു
സ്ഥാനാർത്ഥി മോഹികൾക്ക്
ആകെ കൺഫ്യൂഷൻ
വാർഡുകൾ അടിമുടി മാറിയതോടെ സീറ്റ് ലക്ഷ്യമിട്ട രാഷ്ട്രീയ പ്രവർത്തകർ ആകെ കൺഫ്യൂഷനിലാണ്. നേരത്തെ ജനറൽ വാർഡുകളെല്ലാം തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ സംവരണ വാർഡായി മാറുമെന്ന് ഉറപ്പുള്ളതിനാൽ സ്ഥാനാർത്ഥി മോഹക്കാർ നേരത്തെ തന്നെ പ്രവർത്തനം തുടങ്ങുമായിരുന്നു. ഇപ്പോൾ വാർഡുകൾക്ക് പഴയ പേര് മാത്രേയുള്ളു.
ഡീലിമിറ്റേഷന് മുമ്പും ശേഷവും
ഗ്രാമപഞ്ചായത്ത്-1234, 1314
ബ്ലോക്ക് പഞ്ചായത്ത്-152, 166
ജില്ലാ പഞ്ചായത്ത്-26, 27
മുൻസിപ്പാലിറ്റി വാർഡ് 131, 135
കോർപ്പറേഷൻ വാർഡ്-55, 56
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |