കൊല്ലം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നീണ്ടകരയിൽ നടപ്പാതയും തിരുമുക്കിൽ രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം കടന്നുപോകാവുന്ന വലിയ അടിപ്പാതയും നിർമ്മിക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്.
നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാനും പുതിയ പ്രവൃത്തികൾക്ക് പുതിയ കരാറുകൾ വേണ്ടിവരുന്നതിനാലും ആദ്യ കരാറിൽ ഉൾപ്പെട്ടിട്ടില്ലാത്ത പുതിയ നിർമ്മാണങ്ങൾ അനുവദിക്കേണ്ടതില്ലെന്ന പൊതുനയം ദേശീയപാത മന്ത്രാലയവും ദേശീയപാത അതോറിറ്റി ഒഫ് ഇന്ത്യയും സ്വീകരിച്ചതായി മന്ത്രി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ പൊതുനയം വ്യതിചലിച്ച് പുതിയ നിർമ്മാണങ്ങൾ ഉൾപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.
യാത്രാസൗകര്യം വർദ്ധിപ്പിക്കാൻ നിർമ്മിക്കുന്ന ദേശീയപാത ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ടെങ്കിൽ അത് പരിഹരിക്കപ്പെടേണ്ടതാണ്. പൊതുനയത്തിന്റെ പേരിൽ ഒരു പ്രദേശത്തെ ജനങ്ങൾക്ക് സുഗമമായി യാത്ര ചെയ്യാനുള്ള അവസരം സാങ്കേതികത്വത്തിന്റെ പേരിൽ നിഷേധിക്കുന്നത് യുക്തിരഹിതാണ്. അതിനാൽ തിരുമുക്കിലെ അടിപ്പാത നിർമ്മാണം പൊതുനയം ഇളവ് ചെയ്ത് അനുവദിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. തുടർന്നാണ് സാദ്ധ്യതാ പരിശോധന നടത്താൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ദേശീയപാത അതോറിറ്റി ഒഫ് ഇന്ത്യയുടെ അംഗം വെങ്കിടരമണന്റെ സാന്നിദ്ധ്യത്തിൽ ന്യൂഡൽഹിയിലാണ് ചർച്ച നടന്നത്.
നടപ്പാതയും വലിയ അടിപ്പാതയും അനിവാര്യം
നീണ്ടകരയിൽ നടപ്പാതയില്ലെങ്കിൽ അപകടസാദ്ധ്യത
മത്സ്യതൊഴിലാളികളുടെ ഉപജീവനവഴി
തിരുമുക്കിൽ വലിയ വാഹനങ്ങൾക്ക് തിരിയാനാകില്ല
തിരുമുക്ക് പ്രധാന ജംഗ്ഷൻ
പരവൂരിൽ നിന്ന് നിരന്തരം വാഹനങ്ങൾ
പ്രധാന ജംഗ്ഷനായ തിരുമുക്കിൽ പര്യാപ്തമായ വീതിയിൽ അടിപ്പാത രൂപകൽപ്പന ചെയ്യാത്തതിന്റെ പൂർണമായ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കും കൺസൾട്ടന്റിനുമാണ്.
എൻ.കെ.പ്രേമചന്ദ്രൻ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |