അവസാനം പണം നൽകിയത് ആറു മാസം മുമ്പ്
കൊല്ലം: ജില്ലയിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ കുടിശ്ശിക 175 കോടി പിന്നിട്ടതോടെ കരാറുകാർ കടക്കെണിയിലായി. ആറ് മാസം മുൻപാണ് സംസ്ഥാനത്തെ കരാറുകാർക്ക് അവസാനമായി പണം നൽകിയത്. അതിൽ ജില്ലയിലെ കരാറുകാർക്ക് തുച്ഛമായ തുക മാത്രമാണ് ലഭിച്ചത്.
കൊല്ലത്ത് 40 ഓളം പ്രവൃത്തികളാണ് ജൽ ജീവൻ മിഷന്റെ ഭാഗമായി നടക്കുന്നത്. ഒന്നിലധികം പ്രവൃത്തികൾ ഏറ്റെടുത്തവർ ഉൾപ്പെടെ ഏകദേശം 25 കരാറുകാരാണ് ജില്ലയിലുള്ളത്. പണം ലഭിക്കാത്തതിനാൽ ഇവരിൽ വലിയൊരു വിഭാഗം പൈപ്പിടൽ പൂർണമായും നിറുത്തിവച്ചിരിക്കുകയാണ്. വൻതുക കുടിശ്ശിക ഉള്ളതിനാൽ ഉദ്യോഗസ്ഥർക്ക് കരാറുകാരുടെ മേൽ സമ്മർദ്ദം ചെലുത്താനും കഴിയുന്നില്ല. ഏതാനും മാസങ്ങളായി ശരാശരി ആയിരം കണക്ഷൻ മാത്രമാണ് നൽകുന്നത്. കുടിശ്ശിക വിതരണം ഇനിയും വൈകിയാൽ പദ്ധതിയുടെ പൂർത്തീകരണം അവതാളത്തിലാകും.
ജില്ലയിലെ പദ്ധതി പുരോഗതി
(പഞ്ചായത്ത് പ്രദേശങ്ങളിൽ മാത്രം)
ആരംഭിക്കുമ്പോൾ ഉണ്ടായിരുന്ന കുടുംബങ്ങൾ: 6,09,093
കുടിവെള്ള കണക്ഷൻ ഉണ്ടായിരുന്നത്: 1,37,499 വീടുകളിൽ
കുടിവെള്ള കണക്ഷൻ ഇല്ലാതിരുന്നത്: 4,71,594 വീടുകളിൽ
ഇതുവരെ നൽകിയ കണക്ഷൻ: 3,10,851
പദ്ധതി പുരോഗതി: 73.61%
100 ശതമാനം കണക്ഷൻ ലഭിച്ച പഞ്ചായത്തുകൾ: 10
കണക്ഷനുണ്ട്, വെള്ളമില്ല
വിതരണത്തിന് ആവശ്യമായ ജലമില്ലാത്തതിനാൽ പലേടത്തും പുതിയ കണക്ഷൻ നൽകിയിട്ടും കാര്യമില്ലാത്ത അവസ്ഥയാണ്. ജില്ലയിൽ ഞാങ്കടവ് പദ്ധതിക്ക് പുറമേ മൂന്ന് പുതിയ പ്ലാന്റുകളുടെ നിർമ്മാണം നടക്കുന്നുണ്ട്. ഇവ പൂർത്തിയാകുന്നതോടെ എല്ലാ കണക്ഷനുകൾക്കും ജലം ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ.
പുതിയ പ്ലാന്റുകൾ
പനയം, പെരിനാട്: 16 എം.എൽ.ഡി
കുന്നത്തൂർ: 44 എം.എൽ.ഡി
നെടുവത്തൂർ: കൊട്ടാരക്കര- 16
...............................
കരാർ തുക കുടിശ്ശികയായത് പദ്ധതി പുരോഗതിയെ ബാധിച്ചിട്ടുണ്ട്. നിലവിൽ 73.61 ശതമാനം പുരോഗതിയായി. 90 ശതമാനം ആകുമ്പോൾ കണക്ഷൻ ആവശ്യമുള്ള എല്ലാ കുടുംബങ്ങൾക്കും ലഭ്യമാക്കാമെന്നാണ് കണക്കുകൂട്ടൽ
വാട്ടർ അതോറിട്ടി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |