കൊല്ലം: ഭാര്യയും കുടുംബവും നൽകിയ പരാതിയിൽ പൊലീസ് കസ്റ്റഡയിലെടുത്ത സൈനികനായ മകൻ, റിമാൻഡ് കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം മരിച്ചത് പൊലീസ് മർദ്ദനം മൂലമാണെന്ന് ആരോപിച്ച് സി.സി.ടി.വി ദൃശ്യങ്ങൾക്കായി വിവരാവകാശ നിയമപ്രകാരം അമ്മ അപേക്ഷ നൽകി. മുളവന പള്ളിമുക്ക് സാജൻ കോട്ടേജിൻ ഡെയ്സി മോളാണ് മകൻ തോംസൺ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്ത ദിവസത്തെ ദൃശ്യങ്ങൾക്കായി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയത്.
കഴിഞ്ഞ വർഷം ഡിസംബർ 27 നാണ് തോംസൺ തങ്കച്ചനെ (32) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തിന്റെ പേരിൽ ഭാര്യയും കുടുംബവും നൽകിയ പരാതിയെ തുടർന്ന് കഴിഞ്ഞവർഷം ഒക്ടോബർ 11 നാണ് കുണ്ടറ പൊലീസ് തോംസണിനെ അറസ്റ്റ് ചെയ്യുന്നത്. സ്റ്റേഷനിൽ എത്തിച്ച തോംസണെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നും ഇതിനെ തുടർന്ന് ആന്തരിക അവയവങ്ങൾക്കുണ്ടായ ക്ഷതമാണ് മരണ കാരണമെന്നും അമ്മ ആരോപിക്കുന്നു.
ജാമ്യത്തിലിറങ്ങിയ ശേഷം അവശ നിലയിൽ ആയതിനെത്തുടർന്ന് കുണ്ടറ താലൂക്ക് ആശുപത്രിയിൽ ഉൾപ്പെടെ ചികിത്സ തേടിയിരുന്നു. നട്ടെല്ലിന്റെ താഴെയുണ്ടായ മുഴയുടെ ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്‌ചാർജ്ജായി വന്ന് പിറ്റേന്ന് വീട്ടിൽ മരിച്ച നിലയിൽ കാണ്ടെത്തുകയായിരുന്നു. പൊലീസിനും മുഖ്യമന്ത്രിക്കുമുൾപ്പടെ പരാതി നൽകിയിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ലെന്നും ഡെയ്സിമോളുടെ പരാതിയിൽ പറയുന്നു.
അടിസ്ഥാന രഹിതം: കുണ്ടറ പൊലീസ്
ഭാര്യ മർദ്ദിച്ചെന്ന കേസിലാണ് അറസ്റ്റ് ചെയ്തതെന്ന് കുണ്ടറ പൊലീസ് പറഞ്ഞു. തോംസനെ കൊണ്ട് വരുമ്പോൾ അന്നത്തെ എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐ പ്രദീപ് എന്നിവർ സ്റ്റേഷനിൽ ഇല്ലായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ എടുക്കുമ്പോൾ അത് വ്യക്തമാകും. അമിത മദ്യപാനിയായ തോംസണിന്റെ ആന്തരിക അവയവങ്ങൾ നശിച്ച അവസ്ഥയിലായിരുന്നു. റിമാൻഡിൽ കഴിഞ്ഞിരുന്ന സമയത്ത് ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ജില്ലാ ആശുപത്രിയിൽ കിടത്തി ചികിത്സ നൽകിയിട്ടുണ്ട്. അമിത മദ്യപാനത്തെ തുടർന്നുണ്ടായ ഗുരുതര രോഗമാണ് തോംസണിന്റെ മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. പൊലീസിനെ അപകീർത്തിപ്പെടുത്താൻ വേണ്ടിയാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കുണ്ടറ പൊലീസ് പറഞ്ഞു
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |