പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിനായി പത്രാധിപർ കെ.സുകുമാരൻ അക്ഷരങ്ങളെ പടവാളാക്കിയെന്ന് എസ്.എൻ.ഡി.പി യോഗം കൊല്ലം ജില്ലാ സെക്രട്ടറി എൻ.രാജേന്ദ്രൻ പറഞ്ഞു. കേരളകൗമുദി കൊല്ലം യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പത്രാധിപർ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗുരുദേവന്റെ വാക്കുകൾ ഹൃദയത്തിൽ ഉൾക്കൊണ്ട് പ്രവർത്തിച്ച കുമാരനാശൻ, ഡോ. പല്പു, ടി.കെ.മാധവൻ, സഹോദരൻ അയ്യപ്പൻ, സി.വി.കുഞ്ഞുരാമൻ, സി.കേശവൻ, പത്രാധിപർ കെ. സുകുമാരൻ, ആർ.ശങ്കർ തുടങ്ങി വെള്ളാപ്പള്ളി നടേശൻ വരെയുള്ള മഹാരഥന്മാരുടെ അശ്രാന്ത പരിശ്രമങ്ങളുടെ ഫലമാണ് സവർണ, അവർണ വ്യത്യാസമില്ലാതെ സ്വാതന്ത്ര്യം പിന്നാക്കക്കാർക്ക് ലഭിച്ചത്. എന്തുകാര്യവും വെട്ടിത്തുറന്ന് പറയുന്നതിൽ കേരളകൗമുദി നയിക്കുന്ന മൂന്നാം തലമുറയും പടവാളേന്തിയാണ് മുന്നോട്ട് പോകുന്നത്. ഒരുപാട് പത്രാധിപർ ഉണ്ടെങ്കിലും പത്രാധിപർ എന്ന് പേര് കേൾക്കുമ്പോഴേ ഓർമ്മ വരുന്നത് കേരളകൗമുദി പത്രാധിപർ കെ.സുകുമാരനാണ്. വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത വിധം ദീർഘമാണ് പത്രാധിപർ കേരളത്തിനും പിന്നാക്ക വിഭാഗത്തിനും സമ്മാനിച്ചിട്ടുള്ള നേട്ടങ്ങളെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |