കൊല്ലം: ദേശീയപാത 744 കടമ്പാട്ടുകോണം-മധുര ദേശീയപാത വികസനത്തിന് പുതിയ പദ്ധതിയുമായി ദേശീയപാത അതോറിറ്റിയും ദേശീയപാത മന്ത്രാലയവും. കടമ്പാട്ടുകോണം-ഇടമൺ, ഇടമൺ-ചെങ്കോട്ട, ചെങ്കോട്ട-രാജപാളയം റീച്ചുകളും വിതുര നഗർ-മധുര എന്ന പുതിയ റീച്ചും കൂടി ഉൾപ്പെടുത്തിയാണ് പുതിയ പദ്ധതി.
ദേശീയപാത 744 വികസനം ത്വരിതപ്പെടുത്തുന്നതിനും വികസനത്തിനായി ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ദേശീയപാത മന്ത്രാലയം സെക്രട്ടറി ഉമാശങ്കർ, ദേശീയപാത അതോറിറ്റി ഒഫ് ഇന്ത്യ അംഗം വെങ്കിട്ടരമണൻ എന്നിവരുമായി എൻ.കെ.പ്രേമചന്ദ്രൻ എം.പി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന കടമ്പാട്ടുകോണം-തിരുമംഗലം ദേശീയപാത വികസനത്തിൽ കേരളത്തിലെ രണ്ട് റീച്ചുകളും തമിഴ്‌നാട്ടിലെ രണ്ട് റീച്ചുകളും ഉൾപ്പെട്ടതായിരുന്നു. സമയബന്ധിതമായി ഏറ്റെടുത്ത തിരുമംഗലം - വിതുരനഗർ റീച്ച് വികസനം പുരോഗമിക്കുകയാണ്. എന്നാൽ തമിഴ്‌നാട് രാജപാളയം, തെങ്കാശി, ചെങ്കോട്ട റീച്ചിന്റെ പ്രവർത്തനങ്ങൾ കേരളത്തിന് സമാനമായ നിലയിലാണ്.
കൊല്ലം - തിരുമംഗലം എന്നത് മാറ്റി ദേശീയപാത 744 കൊല്ലം- മധുരവരെ വികസിപ്പിക്കുന്നതിനാണ് പുതിയ നിർദ്ദേശം. കേരളത്തിലെയും തമിഴ്‌നാട്ടിലെയും അവശേഷിക്കുന്ന റോഡ് വികസനവും തിരുമംഗലം-മധുരയും കൂടി ഉൾപ്പെടുത്തി പുതിയ പദ്ധതിയായി അനുമതി നൽകുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
കടമ്പാട്ടുകോണം-ഇടമൺ റീച്ചിലെ ഭൂമി ഏറ്റെടുക്കൽ നടപടി വിവിധ ഘട്ടങ്ങിലാണ്. എന്നാൽ ഇടമൺ-ചെങ്കോട്ട റീച്ചിൽ ബ്രൗൺ ഫീൽഡിന് പകരം ഗ്രീൻഫീൽഡായി ടണലുകളോട് കൂടിയ പുതിയ അലൈൻമെന്റാണ് തയ്യാറാക്കിയിട്ടുള്ളത്. കേരളത്തിലെ ആദ്യ റീച്ച് ഇടമൺ - ആര്യങ്കാവ് 21 കിലോമീറ്റർ ദൂരം വികസനത്തിന് 60.8 ഹെക്ടർ ഭൂമി ആവശ്യമുണ്ടെന്നും ഉദ്ദേശ ചെലവ് 3740 കോടി രൂപയാണെന്നും തിട്ടപ്പെടുത്തിയിട്ടുണ്ട്. 9.75 കിലോമീറ്റർ ദൈർഘ്യത്തിൽ 4 ടണലുകൾ ഉൾപ്പെടുന്നതാണ് പദ്ധതി. ഇടമൺ മുതൽ 5 കിലോമീറ്റർ ദൂരം നിലവിലെ റോഡ് വീതി കൂട്ടുകയും തുടർന്ന് ഗ്രീൻഫീൽഡ് ഹൈവേയുമാണ് പുതിയ നിർദ്ദേശം.
ഭാരത് മാല പദ്ധതിയിൽ നിന്ന് ഒഴിവാക്കി
കടമ്പാട്ടുകോണം-ഇടമൺ, ഇടമൺ-ചെങ്കോട്ട റീച്ചുകളും ഭാരത് മാല പദ്ധതിയിൽ നടപടികൾ പുരോഗമിക്കുകയായിരുന്നു
ഭൂമി ഏറ്റെടുക്കൽ അന്തിമഘട്ടത്തിൽ എത്തിയപ്പോൾ നഷ്ടപരിഹാരം 25 ശതമാനം നൽകുന്നതിനുള്ള ബാദ്ധ്യതയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറി
തുടർന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ച ജി.എസ്.ടി, റോയാലിറ്റി ഇളവ് സംബന്ധിച്ച് സംസ്ഥാന സർക്കാർ സമയബന്ധിതമായി തീരുമാനമെടുത്തില്ല
നിരന്തര ആവശ്യത്തെ തുടർന്ന് കാലാതാമസം വരുത്തി തീരുമാനം കൈക്കൊണ്ടു
എന്നാൽ വിവരം ഔദ്യോഗികമായി കേന്ദ്രത്തെ അറിയിച്ചില്ല
തുടർന്ന് കേന്ദ്ര സർക്കാർ നയത്തിൽ മാറ്റം വരുത്തി
ഇതോടെ ഭാരത് മാല പദ്ധതിയിൽ നിശ്ചിത പ്രവർത്തനങ്ങൾ പൂർത്തീകരിക്കാത്ത പ്രദേശങ്ങൾ പദ്ധതിയിൽ നിന്ന് ഒഴിവാക്കി
നവംബറിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പുതിയ പദ്ധതിയുടെ അനുമതി നൽകാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത്.
എൻ.കെ. പ്രേമചന്ദ്രൻ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |